photo
കൊട്ടാരക്കര ചക്കുവരയ്ക്കലിൽ ഓണാഘോഷ ഉറിയടി മത്സരത്തിൽ പങ്കെടുക്കുന്ന അയർലൻഡ് സ്വദേശി ആന്റണി ഹെഡൻ

കൊല്ലം: അയർലൻഡുകാരൻ ആന്റണി ഹെഡൻ ഉറിയടിക്കാൻ ഇറങ്ങിയപ്പോൾ, മുഖത്തേക്ക് വെള്ളമൊഴിക്കാതെയും കണ്ണു കെട്ടാതെയും നാട്ടുകാർ എല്ലാവിധ 'വിട്ടുീഴ്ച'കളും ചെയ്തിട്ടും ഉറിയിൽ തൊടാനായില്ല. ഉറി വലിക്കുന്നവരുടെ കൈവഴക്കത്തിനു മുന്നിൽ തോറ്റെങ്കിലും സായിപ്പായിരുന്നു മത്സരത്തിലെ താരം.

കൊട്ടാരക്കര ചക്കുവരയ്ക്കലിലെ നാട്ടിൻപുറ ഓണാഘോഷത്തിലാണ് അയർലൻഡിൽ നിന്നെത്തിയ ആന്റണി ഹെഡൻ ഉറിയടി മത്സരത്തിൽ പങ്കെടുത്തത്. കുട്ടികളും മുതിർന്നവരുമൊക്കെ മത്സരത്തിൽ പങ്കെടുത്തപ്പോൾ കൈകൊട്ടിയും കൂകിവിളിച്ചും ആന്റണി ഹെഡനും ആഘോഷത്തിനൊപ്പം കൂടി. നാട്ടുകാരിൽ ചിലർ ഉറിയടിക്കാൻ കൂടുന്നോയെന്ന് പാതി ഇംഗ്ളീഷ് കലർത്തി ചോദിച്ചു. ചോദ്യം തീരുംമുൻപെ ആന്റണി ഹെഡൻ ഉറിക്ക് കീഴിലെത്തി. പിന്നെ വടി കൈയിലെടുത്ത് വീശാനൊരുങ്ങിയപ്പോഴേക്കും ഉറി പൊങ്ങി. താണും പൊങ്ങിയും മിനിട്ടുകൾ നീങ്ങി. ഡാൻസു കളിച്ചും ബഹളം കൂട്ടിയും ഉറിയടിക്കാൻ സായിപ്പ് ആവുന്നത് നോക്കി. കാഴ്ചക്കാർക്ക് വേറിട്ട വിരുന്നായി ആ ഉറിയടി മത്സരം മാറുകയായിരുന്നു.

രാവിലെ മുതൽ വൈകുവോളം നാട്ടിലെ ഓണാഘോഷ പരിപാടികളിൽ ആന്റണി ഹെഡന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഭാര്യ ചക്കുവരയ്ക്കൽ സ്വദേശി രാജശ്രീ ഉണ്ണിത്താനൊപ്പമാണ് ഇവിടേക്ക് ഓണം കൂടാനെത്തിയത്. ചൈതന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ്ബാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. വാശിയേറിയ മത്സരങ്ങൾ ഓരോന്നും കൗതുകത്തോടെ വീക്ഷിച്ച് മൊബൈലിൽ പകർത്തുകയായിരുന്ന ആന്റണി ഹെഡന് ഉറിയടി മത്സരം ജീവിതത്തിലെ ആദ്യനുഭവമായിരുന്നു. ഇനി എല്ലാ വർഷവും ഓണാഘോഷത്തിന് എത്താൻ ശ്രമിക്കുമെന്ന് ഉറപ്പ് നൽകിയാണ് ആഘോഷ സ്ഥലത്തുനിന്ന് അദ്ദേഹം പോയത്.

ആഘോഷിച്ച് ആന്റണി

ജീൻസ് പാന്റും വെള്ള ടീ ഷർട്ടുമിട്ടാണ് ആന്റണി ഹെഡൻ ഉറിയടിക്കാൻ ഇറങ്ങിയത്. 'ഇല്ലും മീനാക്ഷി' ഗാനം ഉച്ചഭാഷിണിയിലൂടെ കേട്ടതിനൊപ്പം സായിപ്പ് ചുവടുവച്ച് ഉറിയടിക്കാൻ കുതിച്ചുചാടി. പിന്നെ പാട്ട് 'ഓണം മൂഡി'ലേക്ക് വഴിമാറി. കാഴ്ചക്കാർ രസാനുഭവത്തോടെ കൈയടിച്ചും ഡാൻസ് കളിച്ചും സംഗതി കൊഴുപ്പിച്ചു.