പത്തനാപുരം: തിരക്കേറിയ പത്തനാപുരം ടൗണിൽ യാത്രക്കാർക്ക്, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക്, വിശ്രമിക്കാൻ സൗകര്യമില്ലാത്തത് വലിയ ദുരിതമാകുന്നു. വർഷങ്ങളായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാരോപിച്ച് ശക്തമായ പ്രതിഷേധം ഉയരുകയാണ്. ബസ് കയറാനെത്തുന്ന കുട്ടികളും മുതിർന്നവരും വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതിനാൽ പാതയോരങ്ങളിലും, സമീപത്തുള്ള പെട്രോൾ പമ്പിന്റെ ഗ്രൗണ്ടുകളിലുമാണ് തങ്ങുന്നത്.
അധികൃതരുടെ അനാസ്ഥ
പത്തനാപുരത്തിന് സമീപമുള്ള പുനലൂർ, കുന്നിക്കോട്, വാഴത്തോപ്പ്, കടയ്ക്കാമൺ തുടങ്ങിയ സ്ഥലങ്ങളിൽ ആവശ്യത്തിന് ആധുനിക സൗകര്യങ്ങളുള്ള ബസ് വെയിറ്റിംഗ് ഷെഡുകളുണ്ട്. ത്രിതല പഞ്ചായത്തുകളുടെയും ജനപ്രതിനിധികളുടെയും ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം വെയിറ്റിംഗ് ഷെഡുകൾ നിർമ്മിച്ചിട്ടുള്ളത്. എന്നാൽ പത്തനാപുരത്ത് സ്ഥിതി വിഭിന്നമാണ്. ചുട്ടുപൊള്ളുന്ന വെയിലത്തും കനത്ത മഴയത്തും യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നു.
കല്ലുംകടവിലെ ഷെഡ് തകർന്നു
പത്തനാപുരം ജംഗ്ഷനിൽ നിന്ന് നാനൂറ് മീറ്റർ അകലെയുള്ള കല്ലുംകടവിലെ വർഷങ്ങൾ പഴക്കമുള്ള വെയിറ്റിംഗ് ഷെഡിന്റെ ഓടുമേഞ്ഞ മേൽക്കൂര തകർന്നുപോയി. ഇത് കാരണം യാത്രക്കാർ പുനലൂർ-മൂവാറ്റുപുഴ പാതയോരത്താണ് നിൽക്കുന്നത്. എന്നാൽ, പത്തനാപുരം ജംഗ്ഷനിലോ കുന്നിക്കോട് പാതയോരത്തോ ഒരു വിശ്രമകേന്ദ്രം പണിയാൻ പഞ്ചായത്തോ ജനപ്രതിനിധികളോ തയ്യാറായിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു.
കെ.എസ്.ആർ.ടി.സി. ബസ് ഡിപ്പോയിലെ അവസ്ഥയും വ്യത്യസ്തമല്ല. പഞ്ചായത്ത് യാത്രക്കാർക്കായി ഒരുക്കിയ ഒരു ചെറിയ മുറിയിൽ പത്ത് പേർക്ക് പോലും ഒരുമിച്ച് നിൽക്കാൻ സൗകര്യമില്ല. അതിനാൽ, ഡിപ്പോയിലെത്തുന്ന യാത്രക്കാർ യാർഡിൽ നിൽക്കേണ്ട അവസ്ഥയാണ്.
ത്രിതല പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും മുൻകൈയെടുത്ത് പത്തനാപുരം ജംഗ്ഷനിൽ ആവശ്യത്തിന് വിശ്രമകേന്ദ്രം പണിതാൽ വിദ്യാർത്ഥികളും വൃദ്ധരുമടങ്ങുന്ന യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധിവരെ പരിഹാരമാകും.
നാട്ടുകാർ