photo
അടിസ്ഥാനമിളകി തകർച്ചയിലായ വെണ്ടാർ അരീയ്ക്കൽ കലുങ്ക്

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വെണ്ടാർ അരീയ്ക്കൽ കലുങ്ക് തകർച്ചയിൽ. അടിസ്ഥാനം ഇളകിയതിനാൽ ഏത് നിമിഷവും കലുങ്ക് തകർന്ന് വീണേക്കാം. വെണ്ടാർ കോമളം ജംഗ്ഷൻ- അരീക്കൽ ഭാഗം റോഡിൽ ശ്രീവിദ്യാധിരാജ എൽ.പി സ്കൂളിന് തൊട്ടടുത്താണ് തീർത്തും അപകടാവസ്ഥയിലുള്ള കലുങ്കുള്ളത്. തോടിന് കുറുകെയുള്ള കലുങ്കിന് ചെറുപാലമെന്ന നിലയിൽ സാധാരണ കലുങ്കുകളെക്കാൾ വീതിയുണ്ട്. ഇതോട് ചേർന്ന് കരിങ്കല്ല് അടുക്കി റോ‌ഡിന് സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്നത് തകർന്നിട്ട് നാളേറെയായി. കലുങ്കിന്റെ ഭാഗമായ അടിസ്ഥാനമൊക്കെ ഇളകിമാറി. കുറ്റിക്കാട് വളർന്ന് മൂടിയതിനാൽ ഇളകിയത് പെട്ടെന്ന് കാണാൻ കഴിയില്ലെന്ന് മാത്രം. ഭാരം കയറ്റിയ ലോറികളും സ്കൂൾ ബസുകളുമടക്കം ഇതുവഴി മിക്കപ്പോഴും കടന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെ കലുങ്ക് പൊളിഞ്ഞ് വലിയ അപകടത്തിനും സാദ്ധ്യതയേറുകയാണ്.

അര നൂറ്റാണ്ടിന്റെ പഴക്കം

അരീയ്ക്കൽ റോഡിലെ കലുങ്ക് നിർമ്മിച്ചിട്ട് അര നൂറ്റാണ്ട് പിന്നിട്ടു. അടുത്തകാലത്താണ് അടിസ്ഥാന കല്ലുകൾ ഇളകിത്തുടങ്ങിയത്. എൽ.പി സ്കൂളിന് തൊട്ടടുത്തുള്ള കലുങ്ക് ഇത്രയും പരിതാപകരമായ അവസ്ഥയിലെത്തിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.

റോഡ് തകർന്ന് തരിപ്പണമായി