ചവറ തെക്കകുംഭാഗം : ഒരു സഹസ്രത്തിന്റെ പുണ്യവും അഴകുമായി സഹസ്രദള കമലം വിരിഞ്ഞു. ചവറ സൗത്ത് വടക്കുംഭാഗം അരവിന്ദത്തിൽ (കാഞ്ഞിരംവിള കിഴക്ക്) കൊട്ടാരക്കര സബ് ജയിൽ അസി. പ്രിസൺ ഓഫീസർ സി.യു. ആദർശ് -ദിവ്യാലക്ഷമി ദമ്പതികളാണ് ദേവി ദേവൻമാരുടെ ഇരിപ്പിടമെന്ന വിശേഷണമുള്ള ആയിരം ഇതളുള്ള താമര വിരിഞ്ഞതിന്റെ ധന്യത പങ്കിടുന്നത്. കേരളത്തിൽ അത്യപൂർവമായി മാത്രം വിരിയുന്ന പുഷ്‌പം എന്ന പ്രത്യേകതയുമുണ്ട് സഹസ്ര ദള പത്മത്തിന്. സസ്യശാസ്‌ത്രത്തിൽ ബിരുദമുള്ള ദിവ്യാലക്ഷമിക്ക് ചെടികളോടും പൂക്കളോടും ഇഷ്‌ടം കൂടാൻ കാരണം വേറെ വേണ്ടിയിരുന്നില്ലെങ്കിലും താമരയോടുള്ള ഇഷ്‌ടം പനയ്‌ക്കറ്റോടിൽ ക്ഷേത്രത്തിലെ പറയെടുപ്പിന് നിലവിളക്കിനും നിറപറയ്‌ക്കുെമാപ്പം കണ്ട പൂക്കളിൽ നിന്നായിരുന്നു. ഇഷ്‌ടം ക്രമേണ അഭനിവേശമായി. അതോടെ അരവിന്ദം താമരയും ആമ്പലും കൊണ്ട് പുഷ്‌പിതമായി.പൂക്കളോടുള്ള ദിവ്യാലക്ഷമിയുടെ പ്രണയമാണ് സഹസ്രദളകമലം എന്ന ആശയം ആദർശിൽ പൂവിടുന്നത്. ഓൺ ലൈനായി ട്യൂബർ(കിഴങ്ങ് ) സംഘടിപ്പിച്ചു. രണ്ട് മാസം കൊണ്ട് മൊട്ടിട്ട് അവ പൂക്കളായി. മറ്റുള്ളവർക്ക് മൂന്ന് വർഷം വരെ കാത്തിരിക്കേണ്ടിവന്നിട്ടും മൊട്ടിടാത്ത അനുഭവം ഉണ്ടായപ്പോൾ, ദിവ്യാലക്ഷ്മിയുടെ ആഗ്രഹം വെറും രണ്ട് മാസത്തിനുള്ളിൽ പൂവണിഞ്ഞു.
ആയിരം ഇതളുകളുള്ള താമര വിരിയുന്നത് മഹാഭാഗ്യമായി കരുതുന്നുണ്ടെങ്കിലും, ഏത് വഴിക്കാണ് ഭാഗ്യം വരാൻ സാദ്ധ്യത എന്ന ചോദ്യത്തിന്, "മനസുനിറയെ സമാധാനം" എന്നായിരുന്നു ദിവ്യാലക്ഷ്മിയുടെ മറുപടി. മകൾ അഥർവയും വീട്ടിൽ സഹസ്രദള പത്മം വിരിഞ്ഞതിന്റെ സന്തോഷത്തിലാണ്.