xxx
ഇടയ്ക്കിടം നവജീവൻ വായന ശാലയുടെ നാലാമത് വാർഷികം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം: ഇടയ്ക്കിടം നവജീവൻ വായനശാലയുടെ നാലാമത് വാർഷികവും ഓണാഘോഷവും വിവിധ പരിപാടികളോടെ നടന്നു. മന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് കെ.ഐ. അനിത അദ്ധ്യക്ഷയായി. സെക്രട്ടറി ആർ.എസ്. സൂരജ് സ്വാഗതം പറഞ്ഞു.

വായനശാലയ്ക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിനായി സൗജന്യമായി ലഭിച്ച 4 സെന്റ് സ്ഥലത്തിന്റെ രേഖകളും സമ്മതപത്രവും മന്ത്രി ഏറ്റുവാങ്ങി. കൂടാതെ, വായനശാലയുടെ പ്രവർത്തനങ്ങൾക്കായി ഇടയ്ക്കിടം ശിവശൈലത്തിൽ വിജയകുമാർ സംഭാവനയായി നൽകിയ 25,000 രൂപയും മന്ത്രി ഏറ്റുവാങ്ങി.

താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബീനാ സജീവ് മുഖ്യാതിഥിയായിരുന്നു. കോൺസ്യൂമർഫെഡ് ഡയറക്ടർ ബോർഡ് അംഗം ജി. ത്യാഗരാജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഫാ. ജോൺസൺ മുളമൂട്ടിൽ, നേതൃ സമിതി കൺവീനർ എസ്. അശോകൻ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എൻ. ദിവാകരൻ എന്നിവർ സംസാരിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന ടൂർണമെന്റുകളിലും, കലാസാഹിത്യ മത്സരങ്ങളിലും വിജയികളായവർക്കും, മറ്റ് പ്രതിഭകൾക്കും ചടങ്ങിൽ വെച്ച് ഉപഹാരങ്ങളും ആദരവുകളും നൽകി. വായനശാലാ ജോയിന്റ് സെക്രട്ടറി ലിബിൻ ബി. സഖറിയ നന്ദി പറഞ്ഞു.