xxx
കരടികളി

ചവറ : ഐതിഹ്യവും പുരാവൃത്തവും ചേർന്ന് ജനപ്രിയമാക്കിയ കരടികളിക്ക് പുതിയ ഭാഷ്യം ചമച്ച് പന്മന പറമ്പിമുക്ക് മിത്രം നാട്ടുക്കൂട്ടം. ഓണത്തോടനുബന്ധിച്ച് 7 ദിവസം നീണ്ടു നിന്ന കരടികളിയാണ് ഇതിവൃത്തം കൊണ്ടും അവതരണം കൊണ്ടും പുതുമ നേടിയത്. മിത്രം നാട്ടുക്കൂട്ടം സംഘടിപ്പിച്ച കരടികളി മത്സരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ടീമുകളുടെ വ്യത്യസ്‌ത അവതരണം കൊണ്ടാണ് ശ്രദ്ധേയമായത്.

ഐതിഹ്യ പെരുമയ്‌ക്ക് പകരം കാലിക പ്രസക്തിയും സാമൂഹ്യ പ്രതിബദ്ധതയുള്ളതുമായ വിഷയങ്ങളെ ആസ്‌പദമാക്കി എം.ആർ.അരവിന്ദാക്ഷൻ എഴുതി ചിട്ടപ്പെടുത്തിയ വരികൾ ചിരിക്കും ചിന്തയ്‌ക്കും വക നൽകുന്നതായിരുന്നു. പ്രാദേശിക ചരിത്രവും വരികൾക്കിടയിൽ ശ്രദ്ധേയമായി.കരടികളി മത്സരത്തിന്റെ ഭാഗമായി സ്‌‌പോൺഷിപ്പ് ഇനത്തിലും സംഭാവനയായും സമാഹരിച്ച തുക മിത്രം നാട്ടുക്കൂട്ടം പ്രദേശത്തെ കിടപ്പ് രോഗികളുടെ ചികിത്സയ്‌ക്കായി ഉപയോഗിച്ചു. എസ്. എൻ.ഡി. പി യോഗം വടക്കുംതല പന്മന പറമ്പിമുക്ക് 555-ാം നമ്പർ ശാഖാ സെക്രട്ടറി രാജു ഗോവിന്ദൻ, എം.ആർ.അരവിന്ദാക്ഷൻ, സുകുമാരൻ നായർ, ശശിവടക്കുംതല,ലാലു, അജി, അനീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.