matsyathozhilali
മത്സ്യബന്ധനത്തിനിടെ കടലിൽ അപകടത്തിൽപ്പെട്ട സഹപ്രവർത്തകരെ രക്ഷിച്ച നിസാമുദീനെ ജി.എസ്.ജയലാൽ എം.എൽ.എ ആദരിക്കുന്നു


പരവൂർ: മത്സ്യബന്ധനത്തിനിടെ കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷിച്ച സഹപ്രവർത്തകന് ആദരവ്. ആഴ്ചകൾക്കു മുൻപ് തെക്കുംഭാഗം തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ എട്ടംഗ സംഘം അടങ്ങിയ വള്ളം ശക്തമായ തിരമാലയിൽ പെട്ട് മറിയുകയും മുഴുവൻ പേരും കടലിൽ അകപ്പെടുകയും ചെയ്തിരുന്നു. ഈ സംഘത്തിൽ ഉണ്ടായിരുന്ന കോട്ടപ്പുറം നിഷാന മൻസിലിൽ നിസാമുദീൻ നീന്തി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനോടൊപ്പം രണ്ട് തൊഴിലാളികളെ രക്ഷിക്കുകയും ചെയ്തു. മറ്റുള്ളവരും രക്ഷപ്പെട്ടു. മരണത്തിനു കീഴടങ്ങിയ സഹപ്രവർത്തകൻ അമാനുള്ളയുടെ മൃതദേഹം കരയിലെത്തിച്ചതും നിസാമുദീനാണ്. നിസാമുദീനെ പുതിയിടം വാർഡ് കൗൺസിലർ ഒ. ഷൈലജയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ജി.എസ്. ജയലാൽ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. ശ്രീലാൽ, കമലാഭായി അമ്മ, യാക്കൂബ്, വിനു, രവീന്ദ്രൻ പിളള തുടങ്ങിയവർ പങ്കെടുത്തു.