bineesh
ബിനീഷ് (19)

പുനലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവ് അറസ്റ്റിൽ. പുനലൂർ മഞ്ഞമൺകാല, കടുവാക്കുഴി, കാഞ്ഞിരംവിള വീട്ടിൽ ബിനീഷ് (19) ആണ് പിടിയിലായത്. പീഡനത്തിന് ഇരയായ പെൺകുട്ടി കഴിഞ്ഞ മാസം പ്രസവിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനം കൊല്ലം ചൈൽഡ് ലൈനിൽ ഏകദേശം 19 ദിവസം പ്രായമുള്ള ഒരു കുഞ്ഞിനെ വളർത്തുന്നതിന് സഹായം തേടി ഒരു സ്ത്രീ എത്തിയിരുന്നു. സംശയം തോന്നിയ ചൈൽഡ് ലൈൻ അധികൃതർ കൊല്ലം ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായി എന്ന് മനസിലാക്കിയത്. കഴിഞ്ഞ മാസം 11ന് കോഴഞ്ചേരിയിലെ ഒരു ആശുപത്രിയിൽ വെച്ച് പെൺകുട്ടി സിസേറിയൻ വഴി പ്രസവിച്ചതായി പൊലീസിന് വിവരം ലഭിച്ചു. പ്രസവവുമായി ബന്ധപ്പെട്ട സ്വാഭാവിക നടപടിക്രമങ്ങൾ ആശുപത്രി അധികൃതർ ആറന്മുള പൊലീസിനെ അറിയിക്കുകയും ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പുനലൂർ പൊലീസിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് ബിനീഷിനെതിരെ പുനലൂർ പൊലീസ് ജൂൺ 26ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.