കൊല്ലം: ജില്ലാ ആശുപത്രിയിൽ നാല് ദിവസം കഴിഞ്ഞിരുന്ന മദ്ധ്യവയസ്കനെ ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടലിൽ അഗതി മന്ദിരത്തിലാക്കി. കരിക്കോട് സ്വദേശിയായ ഷൈനെയാണ് (54) ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേശന്റെയും ബാബുവിന്റെയും ശ്യാം ഷാജിയുടെയും നേതൃത്വത്തിൽ മൈനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന കാർമേൽ സ്‌നേഹനിലയത്തിലേക്ക് മാറ്റിയത്.
അപകടത്തെ തുടർന്ന് കാലിനുണ്ടായ തുടർ ചികിത്സയുടെ ഭാഗമായാണ് ഷൈൻ ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ഡിസ്ചാർജ് ചെയ്തിട്ടും പോകാൻ ഇടമില്ലാതെ ആശുപത്രിയിൽ തന്നെ കഴിയുകയായിരുന്നു. ഇതോടെ ആശുപത്രി അധികൃതർ ജീവകാരുണ്യ പ്രവർത്തകരെ ബന്ധപ്പെട്ടു . ഇവരെ എത്തി സംസാരിച്ചപ്പോൾ പോകാൻ ഇടമില്ലെന്നും ഓർമ്മക്കുറവ് ഉൾപ്പെടെ ഉണ്ടെന്നും മനസ്സിലായി. തുടർന്നാണ് അഗതി മന്ദിരത്തിൽ എത്തിച്ചത്.