കൊല്ലം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ കേരളത്തിലെ എട്ടു വേദികളിലായി നടന്ന വസന്തോത്സവം 2025ന്റെ നാലാം ദിവസം പള്ളിമൺ സിദ്ധാർത്ഥ ക്യാമ്പസിൽ 6 സംസ്ഥാനങ്ങളിൽ നിന്നായി 80ൽ അധികം കലാകാരന്മാർ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു. വൈകിട്ട് ആറിന് നടന്ന സാംസ്കാരിക സമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഓണപ്പാട്ട് പാടി ഉദ്ഘാടനം ചെയ്തു.
നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജ കുമാരി അദ്ധ്യക്ഷയായി. സികെ.പി.എ.സി ലീലാകൃഷ്ണൻ, സജി മംഗലത്ത്, കെ. ഉണ്ണിക്കൃഷ്ണൻ, വേണുഗോപാൽ, പള്ളിമൺ പ്രേം ഷാജ്, സിദ്ധാർത്ഥ സ്കൂൾ പ്രിൻസിപ്പൽ വി.എൽ. രോഹിണി എന്നിവർ സംസാരിച്ചു. സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ സ്വാഗതവും ദേവൻ കലാഗ്രാമം സെക്രട്ടറി നരിക്കൽ രാജീവ് നന്ദിയും പറഞ്ഞു.
തുടർന്ന് പത്തുവരെ ദൃശ്യവിരുന്ന് ഒരുക്കി ഇന്ത്യൻ വസന്തോത്സവം അരങ്ങേറി. ഭാരത് ഭവനം സൗത്ത് സോൺ കൾച്ചറൽ സെന്ററും കൊല്ലം സിദ്ധാർത്ഥ ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മാധുരി നൃത്തം, ധംസ നൃത്തം എന്നിവയാണ് തെലുങ്കാന കലാകാരൻമാർ അവതരിപ്പിച്ചത്. തമിഴ്നാട്ടിൽ നിന്നെത്തിയ ഇരുപതോളം അംഗങ്ങൾ ചേർന്ന് 26 മിനിറ്റ് നീണ്ടുനിന്ന കരകാട്ടം അവതരിപ്പിച്ചു. പുഷ്പവൃഷ്ടിയും പുകയും തീക്കളിയുമായി അവാധി ഹോളി എന്ന നൃത്ത ശില്പമാണ് ഉത്തർപ്രദേശിലെ കലാകാരൻമാർ അവതരിപ്പിച്ചത്. ജാർഖണ്ഡ് അവരുടെ പരമ്പരാഗത നൃത്തരൂപമായ ജൂബർ അവതരിപ്പിച്ചപ്പോൾ മനറ എന്ന് പ്രത്യേക കലാരൂപം ഉത്തർപ്രദേശിന്റെ 18 കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ചു. മയൂരഭംജ് ചൗ എന്ന നൃത്തരൂപമാണ് ഒഡീഷയിലെ കലാകാരന്മാർ അവതരിപ്പിച്ചത്.
നെടുമ്പന ഗ്രാമത്തിൽ ആദ്യമായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാർ എത്തി ദൃശ്യവിരുന്ന് ഒരുക്കിയത്.
സിദ്ധാർത്ഥ ഫൗണ്ടേഷനും എം.വി. ദേവൻ കലാ ഗ്രാമവുമാണ് ഇതിന് പശ്ചാത്തലം ഒരുക്കിയത്.