കൊല്ലം: പോളയത്തോട് ശ്മശാനത്തിന് സമീപം തുമ്പൂർമുഴി മോഡൽ എയ്റോബിക് യൂണിറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്ത്, മെക്കനൈസ്ഡ് എയ്റോബിക് കംപോസ്റ്റ് യൂണിറ്റ് കോർപ്പറേഷന്റെ മേൽനോട്ടത്തിൽ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഇഴയുന്നു. കരാർ ലഭിച്ച സ്വകാര്യ ഏജൻസിയായ ടെക്ഫാം ഇന്ത്യ എറണാകുളത്ത് ഏറ്റെടുത്ത പ്രോജക്ട് പൂർത്തിയാക്കാൻ കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപണമുണ്ട്.
പോർട്ടബിൾ കണ്ടെയ്നറോടുകൂടിയ കംപോസ്റ്റിംഗ് യൂണിറ്റാണ് സ്ഥാപിക്കുന്നത്. യൂണിറ്റിന്റെ പുറം സ്ട്രക്ചർ നിർമ്മാണമാണ് നടന്നുകൊണ്ടിരുന്നത്. മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ നിർമ്മാണം മഴയെ തുടർന്ന് ഇടയ്ക്ക് നിറുത്തിവച്ചിരുന്നു. ഇവിടം ഇപ്പോൾ പുല്ലുവളർന്ന നിലയിലാണ്. പോളയത്തോട്ടിലെ മാലിന്യപ്രശ്നനത്തിന് പരിഹാരമായാണ് മെക്കനൈസ്ഡ് കംപോസ്റ്റിംഗ് യൂണിറ്റ് സജ്ജമാക്കുന്നത്. വീടുകൾ, ആശുപത്രികൾ, ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നെല്ലാം ജൈവമാലിന്യങ്ങൾ ശേഖരിക്കും. വേർതിരിച്ച് എത്തിക്കുന്ന ജൈവമാലിന്യമാണ് യൂണിറ്റിൽ സ്വീകരിക്കുക. നേരിട്ട് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ വീടുകളിൽ ഉൾപ്പെടെ എത്തി മാലിന്യം ശേഖരിക്കും. ജൈവമാലിന്യ സംസ്കരണം കൂടുതൽ വേഗത്തിലും ശാസ്ത്രീയമായും നിർവഹിക്കാനാകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
24 മണിക്കൂറും പ്രവർത്തനം
സുരക്ഷ ക്യാമറ, അലാറം എന്നിവ സജ്ജമാക്കും
ചുറ്റും മറച്ച ശീതീകരിച്ച പോർട്ടബിൾ കണ്ടെയ്നർ കാബിനുകൾ
ഇതിനുള്ളിൽ ജൈവമാലിന്യം സംസ്കരിക്കുന്ന യന്ത്രം
മാലിന്യ സംസ്കരണ യന്ത്രത്തിന് എട്ടര അടി നീളവും രണ്ടടി വീതിയും നാലടി ഉയരവും
മാലിന്യം സംസ്കരിക്കുമ്പോൾ ദുർഗന്ധമോ മലിനജലമോ പുറത്തേക്ക് വരില്ല
പ്ലാന്റിലേക്കുള്ള മാലിന്യ ശേഖരണത്തിനായി രണ്ട് ഓട്ടോറിക്ഷകൾ
24 മണിക്കൂറും പ്ലാന്റ് പ്രവർത്തിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജീവനക്കാർ
മെക്കനൈസ്ഡ് എയറോബിക് കംപോസ്റ്റിംഗ് യൂണിറ്റിന്റെ നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. നിർമ്മാണ കമ്പനിയുമായി കൂടിക്കാഴ്ച നടത്തും
ഹണി ബെഞ്ചമിൻ, മേയർ