ക്ലാപ്പന : മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം.പി നയിക്കുന്ന 'സാഹസ് കേരള യാത്ര' കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. കാസർകോട് നിന്ന് ജനുവരി 4ന് ആരംഭിച്ച ഈ യാത്ര, കരുനാഗപ്പള്ളിയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും സ്വീകരണം ഏറ്റുവാങ്ങി.
ഓച്ചിറ ടൗണിൽ നടന്ന ഉദ്ഘാടന സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യാത്രയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ഊഷ്മളമായ സ്വീകരണം ലഭിച്ചു. കുലശേഖരപുരം വള്ളിക്കാവ്, ക്ലാപ്പന തോട്ടത്തിൽ മുക്ക്, ആലപ്പാട് കൊച്ച് ഓച്ചിറ, തഴവ മണപ്പള്ളി, തൊടിയൂർ വെളുത്തമണൽ, കരുനാഗപ്പള്ളി ടൗൺ ക്ലബ്ബ് എന്നിവിടങ്ങളിൽ സ്വീകരണ സമ്മേളനങ്ങൾ സംഘടിപ്പിച്ചിരുന്നു.
ബിന്ദു കൃഷ്ണ, കെ.പി. ശ്രീകുമാർ, ബിനു ചുള്ളിയിൽ, അനിൽ ബോസ് തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ സംസാരിച്ചു. സമാപന സമ്മേളനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു.