പുനലൂർ: ഓണാഘോഷത്തോടനുബന്ധിച്ച് തെന്മല ഡാം സന്ദർശിക്കാനെത്തിയത് ആയിരങ്ങൾ. അവിട്ടം ദിവസമായ സെപ്തംബർ 6ന് ഏകദേശം 5,000 പേരാണ് ഡാം സന്ദർശിച്ചത്. ഏഴിനും തിരക്ക് തുടർന്നു, അന്നേ ദിവസം 3,000 പേർ ഡാമും പരിസരപ്രദേശങ്ങളും കാണാനെത്തി. ഓണാവധി തുടങ്ങിയതുമുതൽ വിനോദസഞ്ചാരികളുടെ വലിയ ഒഴുക്കാണ് ഇവിടെ അനുഭവപ്പെട്ടത്. ഓണത്തോടനുബന്ധിച്ച് ഡാമിൽ പ്രത്യേക ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു.
ശ്രദ്ധേയമായി കല്ലട ഇറിഗേഷൻ പ്രൊജക്ട്
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പ്രദർശന വിപണന മേളയിൽ കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ ഡാം മോഡൽ പ്രദർശിപ്പിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതികളിലൊന്നായ ഇതിന്റെ മോഡൽ മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. ഇത് കണ്ടറിഞ്ഞ് വിദ്യാർത്ഥികളും യുവജനങ്ങളും ഇപ്പോൾ തെന്മല ഡാം സന്ദർശിക്കാൻ എത്തുന്നുണ്ട്. കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ നേട്ടങ്ങളെക്കുറിച്ച് പഠിക്കാൻ എത്തിയ നാഷണൽ കൗൺസിൽ ഫോർ അപ്ലൈഡ് എക്കണോമിക് റിസർച്ച് ആൻഡ് സി.ഡബ്ല്യു.സി ഡൽഹി ടീം, തെന്മലയിലെ കെ.ഐ.പി കാര്യാലയത്തിൽ സ്ഥാപിച്ചിട്ടുള്ള ഡാം മോഡൽ സന്ദർശിച്ചു. ഈ മോഡൽ പൊതുജനങ്ങൾക്കും എൻജിനീയറിംഗ് വിദ്യാർഥികൾക്കും വളരെ ഉപകാരപ്രദമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ടൂറിസം സാദ്ധ്യതകളേറുന്നു
വിനോദസഞ്ചാരത്തിന് വലിയ സാദ്ധ്യതകളുള്ള പ്രദേശമാണ് തെന്മല ഡാമും പരിസരങ്ങളും. ഈ സാദ്ധ്യത തിരിച്ചറിഞ്ഞ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളും ഇപ്പോൾ തെന്മലയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.