ശാസ്താംകോട്ട: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 22 ലിറ്റർ ചാരായവും 25 ലിറ്റർ സ്പെൻഡ് വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കുറ്റക്കാർ പിടിയിലായത്. KL02BH6371 എന്ന ബൈക്കിൽ രണ്ട് ലിറ്റർ ചാരായം കടത്താൻ ശ്രമിച്ച കിഴക്കേ കല്ലട താഴത്ത് മുറിയിൽ ഗോപാലകൃഷ്ണനെ (തങ്കപ്പൻ) എക്സൈസ് സംഘം പിടികൂടി.
ഗോപാലകൃഷ്ണനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 20 ലിറ്റർ ചാരായവും 25 ലിറ്റർ സ്പെൻഡ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. ഗോപാലകൃഷ്ണന്റെ സഹായിയായ കിഴക്കേ കല്ലട സരിത ഭവനം വീട്ടിൽ ഗിരീഷിനെയും (സോമൻ) അറസ്റ്റ് ചെയ്തു. ഇരുവരുടെയും പേരിൽ അബ്കാരി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.ഗോപൻ, പ്രിവന്റീവ് ഓഫീസർമാരായ ബി.സന്തോഷ് , സി.എ.വിജു, സി.ഇ.ഒ.മാരായ നിഷാദ് ഷാജഹാൻ, എം.എസ്.സുജിത്ത് കുമാർ , ആർ.പ്രേംരാജ്, വി.ജി. വിനീഷ് , എസ്.ഷിബി, നീതു പ്രസാദ് എന്നിവർ പങ്കെടുത്തു.