photo
റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ കിഴക്ക് ബാഗത്ത് വാഹനങ്ങൾ കടക്കാതിരിക്കാൻ കൊൺക്രീറ്റ് സ്ലീപ്പൽ ഉപയോഗിച്ച് തടസ്സം സൃഷ്ടിച്ചിരിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡിന്റെ വീതി വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ റോഡിന്റെ വീതിക്കുറവ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വെറും 300 മീറ്ററോളം മാത്രം ദൈർഘ്യമുള്ള അപ്രോച്ച് റോഡ് മൂന്ന് മീറ്റർ വീതിയിലാണ് ടാർ ചെയ്തിരിക്കുന്നത്. ഇത് കാരണം റെയിൽവേ സ്റ്റേഷനിലേക്ക് വരുന്നതും പോകുന്നതുമായ വാഹനങ്ങൾക്ക് പരസ്പരം കടന്നുപോകാൻ ബുദ്ധിമുട്ടാണ്. 24 മണിക്കൂറും തിരക്കുള്ള ഈ റോഡിൽ ദിവസവും ഏകദേശം 4500-ഓളം വാഹനങ്ങളും 8000-ഓളം യാത്രക്കാരും കടന്നുപോകുന്നുണ്ട്. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ, അതിനനുസരിച്ച് റോഡിന്റെ വികസനത്തിൽ പുരോഗതി ഉണ്ടായിട്ടില്ല.

റോഡിന് വീതികൂട്ടാൻ സ്ഥലമുണ്ട്

റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് ആധുനിക പാർക്കിംഗ് ഗ്രൗണ്ട് വന്നതോടെ ഓട്ടോറിക്ഷകൾ അവിടേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ റോഡിന്റെ കിഴക്ക് ഭാഗത്ത് ധാരാളം സ്ഥലം ഒഴിഞ്ഞുകിടക്കുന്നുണ്ട്. എന്നാൽ, ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാൻ കോൺക്രീറ്റ് സ്ലീപ്പറുകൾ വെച്ച് തടസം സൃഷ്ടിച്ചിരിക്കുകയാണ്. അപ്രോച്ച് റോഡ് തുടങ്ങുന്നിടത്ത് നിന്ന് റെയിൽവേ സ്റ്റേഷൻ വരെ സ്ലീപ്പറുകൾ കൊണ്ട് തടസപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗത്ത് മൂന്ന് മീറ്റർ വീതിയിൽ മെറ്റൽ വിരിച്ച് ടാർ ചെയ്താൽ വാഹനക്കുരുക്ക് പൂർണമായും പരിഹരിക്കാൻ സാധിക്കും. ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ കടന്നുപോകാനും ഇത് സഹായിക്കും.

റോഡിന്റെ വീതി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരുനാഗപ്പള്ളി റെയിൽവേ ആക്ഷൻ കൗൺസിൽ റെയിൽവേ അധികൃതർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

നജീബ് മണ്ണേൽ (റെയിൽവേ ആക്ഷൻ കൗൺസിൽ ചെയർമാൻ)

കെ.കെ. രവി (കൺവീനർ)