അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. ജവഹർ സ്കൂളിൽ മഞ്ഞപ്പിത്തം പടർന്നതിനെ തുടർന്ന് നിരവധി കുട്ടികൾ ചികിത്സ തേടി. ഓണത്തിനു മുൻപുതന്നെ രോഗം വ്യാപിച്ചതിനെത്തുടർന്ന് സ്കൂൾ അടച്ചിരുന്നു. ഇപ്പോഴും സ്കൂൾ തുറന്നുപ്രവർത്തിക്കുന്നില്ല. അടുത്തയാഴ്ചയോടെ സ്കൂൾ തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ബിനുരാജ് പറഞ്ഞു.
ചികിത്സതേടി നിരവധി വിദ്യാർത്ഥികൾ
അഞ്ചലിലെ സ്വകാര്യ ആശുപത്രികൾ, പുനലൂർ ഗവ. ആശുപത്രി എന്നിവിടങ്ങളിലാണ് ഭൂരിഭാഗം കുട്ടികളും ചികിത്സ തേടിയത്. രോഗം ഗുരുതരമായതിനെ തുടർന്ന് ഒരു കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.
രോഗവ്യാപനത്തിന്റെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണോ രോഗം പടർന്നതെന്ന് കണ്ടെത്താൻ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം വന്നശേഷം മാത്രമേ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
മഞ്ഞപ്പിത്തം പടർന്നത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.