തൊടിയൂർ: പുരുഷൻമാർ മാത്രം അണിനിരന്നിരുന്ന പുലികളിയിൽ സ്ത്രീകളെ പങ്കെടുപ്പിച്ച് ശ്രദ്ധ നേടിയ തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ഇ.എം.എസ് സാംസ്കാരിക വനിത ഗ്രന്ഥശാല, ഇത്തവണ വനിതകളുടെ ഉറിയടി മത്സരത്തിലൂടെയും കൈയ്യടി നേടി. മത്സരത്തിൽ ഗ്രന്ഥശാലാ സെക്രട്ടറി ജസീന ഉറിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ ആവേശം അണപൊട്ടി. പെൺപുലികളെ ഇറക്കിയപ്പോൾ ലഭിച്ച വലിയ ജനപിന്തുണയാണ് ഉറിയടി മത്സരം സംഘടിപ്പിക്കാൻ ഗ്രന്ഥശാലയ്ക്ക് പ്രചോദനമായത്.
വൻ പിന്തുണ
15 വയസുകാരിയായ പ്രാർത്ഥന മുതൽ 65 കാരിയായ ചന്ദ്രിക വരെ മത്സരത്തിൽ പങ്കെടുത്തു. സാരി മടക്കിക്കുത്തി തലയിൽ തോർത്ത് കെട്ടി ജസീന ഉറിയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ മത്സരം കൂടുതൽ ആവേശത്തിലായി.
ഉറിയടിയും പുലക്കളിയും മാത്രമല്ല, നിരവധി ഓണാഘോഷ പരിപാടികൾക്ക് ഗ്രന്ഥശാലാ അങ്കണം സാക്ഷിയായി. വിവാഹിതരും അവിവാഹിതരുമായ വനിതകൾ പങ്കെടുത്ത വടംവലി മത്സരം, കൈകൊട്ടിക്കളി, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, കസേരകളി, കുടമടി, ഓണപ്പാട്ട് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഇതിനുപുറമെ, സാധാരണക്കാരായ ഗായകരെ ഉൾപ്പെടുത്തി നടത്തിയ ഗാനമേളയും വേറിട്ട അനുഭവമായി. ലൈബ്രേറിയൻ രഞ്ജനി, ഗ്രന്ഥശാലാ ഭാരവാഹികളായ വിലോല, ലിബി, ആമിന, ചന്ദ്രിക തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.