ചവറ: വിരമിച്ച ശേഷം ജീവിതം കൃഷിക്കായി സമർപ്പിച്ച് മാതൃകയാവുകയാണ് നീണ്ടകര പരിമണത്തുള്ള ഒരു ദമ്പതികൾ. ആമ്പാടിയിൽ വീട്ടിൽ റിട്ട.ഫയർ ഓഫീസർ തുളസീധരൻ പിള്ളയും റിട്ട. കെ.എം.എം.എൽ. പർച്ചേസ് ഓഫീസർ പത്മിനിയും ചേർന്ന് മട്ടുപ്പാവിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് സുജിത്ത് വിജയൻപിള്ളഎം.എൽ.എ നിർവഹിച്ചു. കഴിഞ്ഞ 20 വർഷമായി കൃഷിയിൽ സജീവമായ ഈ ദമ്പതികൾ, വീടിരിക്കുന്ന 28 സെന്റ് സ്ഥലത്ത് മാത്രമല്ല, സമീപത്തെ മൂന്ന് ഏക്കർ പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നുണ്ട്. ചേമ്പ്, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, മുളക്, തക്കാളി, വെണ്ട, വഴുതന, കോളിഫ്ലവർ, പടവലം തുടങ്ങി എല്ലാത്തരം പച്ചക്കറികളും ഇവിടെ നൂറുമേനി വിളയുന്നു. 400-ൽ അധികം ഗ്രോ ബാഗുകളിലായി ടെറസിലും ഇവർ പച്ചക്കറി കൃഷി നടത്തുന്നുണ്ട്.
പൂർണമായും ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് നടത്തുന്ന ഈ കൃഷിരീതി, കൃത്രിമ വളങ്ങളില്ലാത്ത സുരക്ഷിതമായ പച്ചക്കറികൾ ഉറപ്പാക്കുന്നു. വിളവെടുക്കുന്ന ഉത്പ്പന്നങ്ങൾ വിൽക്കുന്നതിനൊപ്പം നാട്ടുകാർക്കും സൗജന്യമായി നൽകുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ആദ്യത്തെ 'ഹരിത ഭവനം' എന്ന അംഗീകാരവും ഈ ദമ്പതികളെ തേടിയെത്തിയിട്ടുണ്ട്.
പഞ്ചായത്ത് അംഗം എസ്. സേതുലക്ഷ്മി, സി.പി.എം. നീണ്ടകര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ലതീശൻ എന്നിവരും വിളവെടുപ്പ് ചടങ്ങിൽ പങ്കെടുത്തു.