photo
കരുനാഗപ്പള്ളിയിൽ ഒ.വി.വിജയന്റെ ഇൻസ്റ്റലേഷൻ അനാച്ഛാനവും ഓണാഘോഷവും എം.എ.ബേബി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ഇരുണ്ട ശക്തികൾക്കെതിരെ രാജ്യത്ത് ഒരു വലിയ രാഷ്ട്രീയ ഐക്യം ഉയർന്നുവരുന്നുണ്ടെന്ന് സി.പി.എം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ ഒരു വലിയ ഒ.വി.വിജയൻ ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികൾ കടന്നുവരുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സൂക്ഷ്മമായ നിരീക്ഷണങ്ങളോടെ എഴുതിയ ഒരു എഴുത്തുകാരനായിരുന്നു ഒ.വി. വിജയനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി. ജയപ്രകാശ് മേനോൻ അദ്ധ്യക്ഷനായി. സുരേഷ് വെട്ടുകാട്ട് സ്വാഗതം പറഞ്ഞു.

ടി.മനോഹരൻ (മത്സ്യഫെഡ് ചെയർമാൻ), ഡോ.വള്ളിക്കാവ് മോഹൻദാസ്, അഡ്വ. എം.എസ്. താര, ബി. കൃഷ്ണകുമാർ, വി.വിമൽറോയി, എ.സജീവ് എന്നിവർ സംസാരിച്ചു.

ഒ.വി. വിജയന്റെ ഇൻസ്റ്റലേഷൻ നിർമ്മിച്ച അജി എസ്.ധരനെ ചടങ്ങിൽ ആദരിച്ചു. ഗ്രാവിറ്റി കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ ഡിസംബർ 27 മുതൽ 30 വരെ കരുനാഗപ്പള്ളിയിൽ അവതരിപ്പിക്കുന്ന 'ഖസാക്കിന്റെ ഇതിഹാസം' എന്ന നാടകത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടികൾക്കാണ് ഇതോടെ തുടക്കം കുറിച്ചത്.