കൊട്ടാരക്കര: എം.സി റോഡിലെ ഏനാത്ത് പാലത്തിൽ നിന്നും കല്ലടയാറ്റിലേക്ക് ചാടി ജീവനൊടുക്കുന്നത് തുടർസംഭവങ്ങളായി. പാലത്തിന്റെ കൈവരികളുടെ ഉയരം കൂട്ടാനും സുരക്ഷാ വേലിയൊരുക്കാനും അധികൃതർ യാതൊരു താത്പര്യവുമെടുക്കുന്നില്ല. തിരുവോണ ദിവസത്തിലാണ് ഏറ്റവും ഒടുവിൽ അജ്ഞാത മൃതദേഹം പാലത്തിന് സമീപത്തുനിന്നും കല്ലടയാറ്റിൽ ലഭിച്ചത്. ഇദ്ദേഹം പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുന്നത് കണ്ടവരുണ്ട്. മറ്റൊരാൾ അതേ ദിവസം പാലത്തിൽ നിന്നും ചാടുമെന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയുമുണ്ടായി. രണ്ടാഴ്ച മുൻപ് കുളക്കട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി മരണപ്പെടുകയുണ്ടായി. അതിന്റെ തൊട്ടുമുൻപ് മറ്റൊരു വൃദ്ധനും സമാനരീതിയി ൽ ജീവനൊടുക്കി. ആറ് മാസത്തിനുള്ളിൽ ഇരുപതിനടുത്ത് ആളുകൾ ഏനാത്ത് പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയിട്ടുണ്ടെന്നാണ് കണക്കുകൾ ബോദ്ധ്യപ്പെടുത്തുന്നത്. ഇതിൽ ചിലരുടെ ജീവൻമാത്രമാണ് തിരിച്ചുകിട്ടിയത്. പാലത്തിന്റെ കൈവരിയിൽ നിന്ന് മനോ വൈകല്യമുള്ള ഒരാൾ ആറ്റിൽ വീണുവെങ്കിലും നീന്തി രക്ഷപെട്ട സംഭവവുമുണ്ടായി.

സുരക്ഷാ വേലി വേണം

ഏനാത്ത് പാലത്തിന്റെ കൈവരികൾക്ക് ഉയരം കൂട്ടി സുരക്ഷാ വേലി സ്ഥാപിക്കണമെന്ന ആവശ്യം ഏറെക്കാലമായി നിലവിലുണ്ട്. കൊല്ലം-പത്തനംതിട്ട ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം 2017ൽ ബലക്ഷയം മൂലം ഗതാഗതം തടസപ്പെട്ടിരുന്നു. അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും തുറന്നുകൊടുത്തപ്പോഴും ഇരുമ്പ് വേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അധികാരികൾ ഈ വിഷയത്തിൽ യാതൊരു താത്പര്യവും കാണിക്കുന്നില്ല. വിഷയത്തിന്റെ ഗൗരവം മന്ത്രി കെ.എൻ. ബാലഗോപാലിനെ നേരിൽക്കണ്ട് അറിയിക്കാൻ നാട്ടുകാർ തയ്യാറെടുക്കുകയാണ്.