road
ഫോട്ടോ: ചവറ ടൈറ്റാനിയം ജംഗ്ഷന് സമീപം പന്മന ഗ്രാമപഞ്ചായത്തിലെ കോലം പതിനഞ്ചാംവാർഡിൽ റോഡ് തകർന്ന നിലയിൽ

ചവറ: ടൈറ്റാനിയം ജംഗ്ഷന് സമീപം പന്മന ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ റോഡ് തകർന്ന് യാത്രക്കാർ ദുരിതത്തിൽ. കെ.എം.എം.എൽ ഗ്രൗണ്ടിനും പഴയ ദേശീയപാതയ്ക്കും സമീപമുള്ള ഈ റോഡിന്റെ പല ഭാഗങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടതോടെ സഞ്ചാരയോഗ്യമല്ലാതായി. ഇതുവഴി ഓട്ടോറിക്ഷ പോലും സർവീസ് നടത്താൻ മടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. പരിസരവാസികൾക്കും ഇതുവഴി യാത്ര ചെയ്യുന്നവർക്കും ഇത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. കാൽനടയാത്രക്കാർ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത് പതിവായി. ശക്തമായ മഴ പെയ്താൽ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നു.

നവീകരണത്തിന് തടയിട്ടു

യാത്രക്കാരുടെ ദുരിതം മനസിലാക്കി കെ.എം.എം.എൽ അധികൃതർ റോഡിന്റെ ഒരു ഭാഗം ഇന്റർലോക്ക് ചെയ്ത് നവീകരിച്ചിരുന്നു. ബാക്കിയുള്ള ഭാഗം കൂടി ഇന്റർലോക്ക് ചെയ്ത് റോഡ് വൃത്തിയാക്കി, വെള്ളം ഒഴുകിപ്പോകാൻ ഓട നിർമ്മിച്ചു നൽകാമെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ചിലരുടെ എതിർപ്പ് കാരണം ഈ നവീകരണ പ്രവർത്തനങ്ങൾ നടന്നില്ലെന്ന് നാട്ടുകാർ പറയുന്നു.