ചവറ: പന്മന പഞ്ചായത്തിലെ ഹരിതകർമ്മസേനയ്ക്ക് കൈത്താങ്ങായി കെ.എം.എം.എൽ. മെറ്റീരിയൽ കളക്ഷനായി 8.5 ലക്ഷം രൂപ ചെലവിൽ പുതിയ വാഹനം വാങ്ങി നൽകി. വാഹനത്തിന്റെ ഫ്ലാഗ് ഒഫ് കർമം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ പി. പ്രദീപ് കുമാർ വാഹനത്തിന്റെ താക്കോൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലയ്ക്ക് കൈമാറി. ബൊലേറോ മാക്സ് പിക്കപ്പ് വാഹനമാണ് ഹരിതകർമ്മസേനയ്ക്ക് ലഭിച്ചത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ ഈ വാഹനം ഉപയോഗിക്കും.
പുതിയ വാഹനം ലഭിച്ചതോടെ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കി സംസ്ഥാനത്ത് ഒന്നാമതെത്താനുള്ള ശ്രമത്തിലാണ് പന്മന പഞ്ചായത്ത്. സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന 'മാലിന്യമുക്ത നവകേരളം' എന്ന ആശയത്തിന് ശക്തിപകരുന്നതാണ് കെ.എം.എം.എല്ലിന്റെ ഈ നടപടി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി.സുധീഷ്‌കുമാർ, സോമൻ എസ്, കെ.എം.എം.എൽ. എച്ച്.ആർ യൂണിറ്റ് ഹെഡും സി.എസ്.ആർ കമ്മിറ്റി കൺവീനറുമായ എം.യു. വിജയകുമാർ, പി ആൻഡ്എ ഡിപ്പാർട്ട്മെന്റ് ഹെഡ് എ.എം.സിയാദ്, പി.ആർ.ഒ പി.കെ. ഷബീർ, പന്മന പഞ്ചായത്ത് സെക്രട്ടറി ചെറിയാൻ ഫിലിപ്പ്, വിവിധ യൂണിയൻ നേതാക്കൾ, ജനപ്രതിനിധികൾ, ഹരിതകർമ്മസേന പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.