photo

കൊല്ലം: ഭാര്യയുടെയും ബന്ധുക്കളുടെയുമടക്കം ഹൃദയം തകരുന്ന വേദനയിലും ഐസക് ജോർജിന്റെ അവയവങ്ങൾ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ആറുപേരിലൂടെ ജീവിക്കും. പത്തനാപുരം തലവൂർ വടകോട് ചരുവിള ബഥേൽ വീട്ടിൽ പരേതനായ ജോർജിന്റെ മകനാണ് ഐസക് ജോർജ് (33). അവിട്ടം ദിനമായ 6ന് രാത്രി 8ന് ഐസക് നടത്തുന്ന കൊട്ടാരക്കര കിഴക്കേത്തെരുവിലെ 'ബ്ളൂം ഗാർഡൻ കഫേ" റസ്റ്റോറന്റിനു മുന്നിൽ വച്ചുണ്ടായ അപകടത്തിലാണ് ജീവൻ പൊലിഞ്ഞത്.

മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കിംസ് ആശുപത്രിയിൽ നിന്ന് എയർ ആംബുലൻസിൽ കൊച്ചിയിലെത്തിച്ച ഹൃദയം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിന്റെ ശരീരത്തിലാണ് തുടിക്കുക. കരളും വൃക്കയും കോർണിയയും മറ്റുള്ളവർക്കായി പകുത്തുനൽകി. നാലുപേർക്ക് പുതുജീവൻ ലഭിക്കുമ്പോൾ രണ്ടുപേരുടെ കണ്ണിലെ ഇരുളകലും.

റസ്റ്റോറന്റിന് മുന്നിലെ റോഡ് മുറിച്ച് കടക്കവെ ഡ്യൂക്ക് ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഐസക് ജോർജിനെ കൊട്ടാരക്കരയിലെ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകിട്ടോടെ മരിച്ചു. നേരത്തേതന്നെ തന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. സമ്മത പത്രവും കൈമാറിയിരുന്നു.

ഇനിയൊരിക്കലും ഐസക് തിരിച്ചുവരില്ലെന്ന് ഉറപ്പായതോടെ സങ്കടമടക്കി ഭാര്യ നാൻസി മറിയം സാമും അമ്മ മറിയാമ്മ ജോർജും (ശാന്തമ്മ) അതിന് സമ്മതമറിയിച്ചു. മകൾ അമീലിയ നാൻസി ഐസക്കിന് രണ്ട് വയസേയുള്ളു. മൃതദേഹം ഇന്ന് വൈകിട്ടോടെ വീട്ടിലെത്തിക്കും. നാളെ രാവിലെ വടകോട് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

ഹൃദയതന്ത്രികൾ മീട്ടും

സംഗീതവും ഫോട്ടോഗ്രഫിയും യാത്രയുമൊക്കെയായിരുന്നു ഐസക് ജോർജിന്റെ വിനോദങ്ങൾ. ചിരിമുഖത്തോടെ പെരുമാറിയിരുന്ന സൗമ്യൻ. ഒഴിവുവേളകളിലെല്ലാം ചുണ്ടിലൊരു പാട്ടുമൂളും. മണ്ണിൽ കൊത്തിക്കിളച്ച് കൃഷി ചെയ്തും പ്രകൃതി സംരക്ഷണവുമൊക്കെ ജീവിതത്തിന്റെ ഭാഗമായി. പോകുന്നിടത്തെല്ലാം സൗഹൃദങ്ങളുമൊരുക്കി. സോഷ്യൽ മീഡിയയിലും സജീവമായിരുന്നു. ഡീപ് റൂട്ട് മീഡിയ എന്ന പേരിൽ ഡിസൈനിംഗ് കമ്പനി തുടങ്ങി, രണ്ട് വർഷം മുമ്പാണ് റസ്റ്റോറന്റ് ആരംഭിച്ചത്.