phot
പത്തനാപുരത്തെ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയോടെ ചേർന്ന് സ്ഥിതി ചെയ്യുന്ന വനം വകുപ്പിന്റെ ഡിപ്പോ കാട്കയറിയ നിലയിൽ

പത്തനാപുരം: പത്തനാപുരം ടൗണിലെ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയോട് ചേർന്നുള്ള വനംവകുപ്പിന്റെ തടി ഡിപ്പോയിൽ മതിയായ സംരക്ഷണമില്ലാതെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങൾ നശിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഇറക്കിയിട്ടിരിക്കുന്ന തടികളാണ് മഴയും വെയിലുമേറ്റ് ബലക്ഷയം നേരിടുന്നത്. തേക്ക്, മാഞ്ചിയം, മഹാഗണി, ഈട്ടി, തേമ്പാവ് തുടങ്ങിയ മുന്തിയ ഇനം മരങ്ങളാണ് സംരക്ഷണമില്ലാതെ കിടക്കുന്നത്. മരങ്ങൾക്കിടയിൽ കാടുവളർന്നത് ലേലത്തിനെത്തുന്നവർക്ക് തടികൾ കാണാൻ കഴിയാത്ത അവസ്ഥയാണ്.

റോഡിന്റെ ശോച്യാവസ്ഥ; വികസനമില്ലായ്മ

നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം ആരംഭിച്ച തടി ഡിപ്പോയിൽ യാതൊരു വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ലെന്ന് ആരോപണമുണ്ട്. ഡിപ്പോയ്ക്കുള്ളിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള റോഡിന്റെ ശോച്യാവസ്ഥ കാരണം ലോറി ഡ്രൈവർമാർ ദുരിതത്തിലാണ്. ചില ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ഭാഗങ്ങൾ ചെളിക്കുണ്ടുകളായി മാറിയിരിക്കുകയാണ്.

ഷെഡുകൾ നിർമ്മിക്കണം

തടികൾ മഴ നനഞ്ഞ് നശിക്കാതിരിക്കാൻ തെന്മല അടക്കമുള്ള പ്രധാന ഡിപ്പോകളിലെ പോലെ ഇരുമ്പ് ഷെഡുകൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. തടികൾക്കിടയിൽ വളർന്ന കാടുകൾ നീക്കം ചെയ്യണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.