t
അഞ്ചാലുംമൂട് ബ്ളോക്ക് ഓഫീസ് കെട്ടിടം

കൊല്ലം: കോർപ്പറേഷന്റെ അധീനതയിലുള്ള അഞ്ചാലുംമൂട്ടിലെ പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിന്റെ നവീകരണത്തി​ൽ ഇനി​ ബാക്കി​യുള്ളത് പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലി​കൾ മാത്രം. നവീകരണം പൂർത്തിയാകുന്നതോടെ, അഞ്ചാലുംമൂട്ടി​ൽ പ്രവർത്തിക്കുന്ന തൃക്കടവൂർ സോണൽ ഓഫീസിന്റെ പ്രവർത്തനം ഇവിടേക്ക് താത്കാലികമായി മാറ്റും. തുടർന്ന് തൃക്കടവൂരി​ൽ സോണൽ ഓഫീസ് കെട്ടിട നിർമ്മാണം ആരംഭിക്കും.

പുതിയ സോണൽ ഓഫീസ് പ്രവർത്തനം തുടങ്ങുന്ന മുറയ്ക്ക് ബ്ലോക്ക് ഓഫീസ് കെട്ടിടം മറ്റെന്തെങ്കിലും ഓഫീസ് ആവശ്യത്തിനായി ഉപയോഗിക്കും. അക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. 35 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം നടക്കുന്നത്. ഈ മാസത്തോടെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. 4.5 കോടി വി​നി​യോഗി​ച്ചാണ് സോണ​ൽ ഓഫീസ് കെട്ടി​ടം നി​ർമ്മി​ക്കുന്നത്.

പുതിയ കെട്ടിടം ശിലയി​ൽ ഒതുങ്ങി​!


സോണൽ ഓഫീസിന് ബഹുനിലക്കെട്ടിടം നിർമിക്കാൻ കഴിഞ്ഞ വർഷം ഫെബ്രുവരി 26ന് ആയിരുന്നു അന്നത്തെ മേയർ പ്രസന്ന ഏണസ്റ്റ് ശിലാസ്ഥാപനം നടത്തിയത്. രണ്ടു മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നീണ്ടു. ഇതിനിടെ ഓഫീസിന്റെ പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ബ്ലോക്ക് ഓഫീസ് കെട്ടിടം നവീകരിച്ച് ഓഫീസ് മാറ്റാൻ തീരുമാനമായത്. നിലവിൽ സോണൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ സ്ഥലം പരിമിതമായതിനാൽ ജീവനക്കാരും ഓഫീസിൽ എത്തുന്നവരും ബുദ്ധിമുട്ടിലാണ്.


ബ്ലോക്ക് ഓഫീസ് കെട്ടിടത്തിന്റെ നവീകരണം ഈ മാസത്തോടെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. നവീകരണം പൂർത്തിയാകുന്ന പക്ഷം തൃക്കടവൂർ സോണൽ ഓഫീസിന്റെ പ്രവർത്തനം താത്കാലികമായി ഇവിടേക്ക് മാറ്റും

എസ്.സ്വർണമ്മ, അഞ്ചാലുംമൂട് കൗൺസിലർ