ccc
മുട്ടറ മരുതിമല

ഓടനവട്ടം : മുട്ടറ മരുതിമലയിൽ നടപ്പാക്കുന്ന ഇക്കോ ടൂറിസം പദ്ധതി ഗുരുതരമായ നിയമലംഘനങ്ങൾ നടത്തുന്നുവെന്ന ആരോപണങ്ങൾ ശക്തമാകുന്നു. പദ്ധതിക്കായി അനുവദിച്ച ഭൂമിയിൽ പരിസ്ഥിതിക്ക് ദോഷകരമായ പ്രവർത്തനങ്ങൾ നടക്കുന്നതാണ് പ്രധാന വിവാദം. ഇത് പ്രകൃതിദുരന്തങ്ങൾക്കും വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ഉത്തരവ് ലംഘിച്ചുള്ള നിർമ്മാണം

2009 ഫെബ്രുവരി 18-ന് ഗവർണർ അംഗീകരിച്ച്, പ്രിൻസിപ്പൽ സെക്രട്ടറി ഒപ്പിട്ട ഉത്തരവനുസരിച്ചാണ് 15.58.91 ഹെക്ടർ സർക്കാർ ഭൂമി വെളിയം ഗ്രാമപഞ്ചായത്തിന് ഇക്കോ ടൂറിസത്തിനായി കൈമാറിയത്. ഏക്കറിന് 1000 രൂപ വാർഷിക ലൈസൻസ് ഫീസിൽ 20 വർഷത്തേക്കാണ് ഈ ഭൂമി നൽകിയിട്ടുള്ളത്. എന്നാൽ, ഈ ഉത്തരവിലെ പ്രധാന നിബന്ധനകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.

പാരിസ്ഥിതിക ആഘാതങ്ങൾ

നിയമവിരുദ്ധമായ ഈ പ്രവർത്തനങ്ങൾ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഭയന്ന് മലയിറങ്ങി വാനരന്മാ‌ർ

പദ്ധതിപ്രദേശത്തെ പാറപൊട്ടിക്കുന്നതിന്റെ ഭീകരമായ ശബ്ദവും പൊടിപടലങ്ങളും മലയിൽ താമസിക്കുന്ന വാനരന്മാരുടെ സ്വൈര്യജീവിതം തകർത്തു. ഭയന്ന് മലയിറങ്ങിയ കുരങ്ങന്മാരുടെ കൂട്ടം സമീപത്തെ കാർഷിക മേഖലകളിൽ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയാണ്. വിളവെടുപ്പിന് പാകമായ കൃഷിയിടങ്ങളിൽ പത്തും ഇരുപതും എണ്ണം വീതമുള്ള സംഘങ്ങളായെത്തിയാണ് വിളകൾ നശിപ്പിക്കുന്നത്. കുരങ്ങന്മാരുടെ ശല്യം കാരണം സാധാരണ ജീവിതം ദുസഹമായെന്ന് നാട്ടുകാർ പറയുന്നു.

പരാതി നൽകിയിട്ടും നടപടിയില്ല

പ്രശ്നപരിഹാരത്തിനായി സർക്കാരിനും ജില്ലാ ഭരണകൂടത്തിനും പലതവണ പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വികസനത്തിന് എതിരല്ലെന്നും എന്നാൽ പ്രകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള വികസനമാണ് വേണ്ടതെന്നും പ്രകൃതി സംരക്ഷകർ ആവശ്യപ്പെടുന്നു. മരുതിമലയെ സംരക്ഷിക്കാൻ പരാതികളിൽ അടിയന്തര തീർപ്പുണ്ടാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.