കരുനാഗപ്പള്ളി: ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമിയുടെ 172-ാമത് ജയന്തി എൻ.എസ്.എസ് കരുനാഗപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. പട: തെക്ക് 365-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന ജയന്തി സമ്മേളനം മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.എൻ.വി.അയ്യപ്പൻപിള്ള അദ്ധ്യക്ഷനായി. 'ചട്ടമ്പി സ്വാമി: ജീവിതവും പഠനവും' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ് പ്രൊഫ. സി. ശശിധരക്കുറുപ്പ് സ്മരണാഞ്ജലികൾ അർപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ.വി. ഉണ്ണികൃഷ്ണപിള്ള സ്വാഗതവും സെക്രട്ടറി അരുൺ ജി.നായർ നന്ദിയും പറഞ്ഞു.
യൂണിയന്റെ പരിധിയിലുള്ള 154 കരയോഗങ്ങളിൽ നിന്നുള്ള ഭാരവാഹികളും എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങളും യൂണിയൻ കമ്മിറ്റി അംഗങ്ങളും വനിതാ സമാജം, ബാലസമാജം, സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവയുടെ പ്രതിനിധികളും ജയന്തി സമ്മേളനത്തിൽ പങ്കെടുത്തു.