ചവറ: ആറുമുറിക്കട വലിയത്ത്മുക്ക് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്ത്. റോഡ് ഗതാഗതയോഗ്യമല്ലാതായതോടെ യാത്രക്കാർ, പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികളും ഇരുചക്രവാഹന യാത്രക്കാരും ദുരിതത്തിലായി. കരാറുകാരുടെ അനാസ്ഥയാണ് നിർമ്മാണം വൈകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപകടങ്ങളും ആരോഗ്യ പ്രശ്നങ്ങളും
ഇരുചക്രവാഹന യാത്രക്കാർ മെറ്റലുകളിൽ തെന്നി വീഴുന്നത് നിത്യസംഭവമായി.
വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന പൊടിപടലങ്ങൾ സമീപത്തെ വീടുകളിലെ കുട്ടികൾക്കും പ്രായമായവർക്കും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു.
തെറിച്ചു വീഴുന്ന മെറ്റലുകൾ കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.
ഓട്ടോറിക്ഷ പോലും ഇതുവഴിയില്ല
റോഡിന്റെ മോശം അവസ്ഥ കാരണം ഓട്ടോറിക്ഷകൾ പോലും ഇതുവഴി വരാൻ മടിക്കുന്നു. ഇതോടെ പതിവായി ഈ റോഡിനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാർ വലയുകയാണ്. ടാറിംഗ് ജോലികൾ ഇനിയും വൈകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. റോഡിന്റെ നിർമ്മാണം വേഗത്തിലാക്കി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം