കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം നവംബർ 18 മുതൽ 20 വരെ നടക്കും. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കേരളോത്സവം നവംബർ 18ന് രാവിലെ 10 ന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജലജ സുരേഷ് അദ്ധ്യക്ഷയാകും. തുടർന്ന് ചലച്ചിത്ര നടി കസ്തൂർബ ഏംഗൽസ് കലാ-സാഹിത്യ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. ഈ മത്സരങ്ങൾ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചാണ് നടക്കുക.
ഇ.വി.എച്ച്.എസ്. ഗ്രൗണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരം ക്രിക്കറ്റ് താരം എം.എസ്. അജയഘോഷ് ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായിട്ടാണ് നടത്തുക. നവംബർ 20ന് വൈകിട്ട് 5ന് ആനക്കോട്ടൂർ കരയോഗ മന്ദിര ജംഗ്ഷനിൽ നടക്കുന്ന വടംവലി മത്സരത്തോടെ കേരളോത്സവം സമാപിക്കും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി. സുമലാൽ, ജയശ്രീ വാസുദേവൻ പിള്ള, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 16-ന് വൈകിട്ട് 5ന് മുൻപായി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.