കൊല്ലം: നഗരത്തിലെ നടപ്പാതകൾ കാൽനട യാത്രികരെ വീഴ്ത്താൻ വാ തുറന്നു നിന്നിട്ടും നടപടിയില്ല. ചിന്നക്കടയിൽ നിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിലെ നടപ്പാതയിലെ ഇന്റർലോക്കുകൾ ഭൂരിഭാഗവും ഇളകിക്കിടക്കുന്നു. ചിലയിടങ്ങളിൽ പൂർണമായി ഇളകി മാറിയ ഇന്റർലോക്കുകൾ നടപ്പാതയുടെ അരിക് ചേർത്ത് അടുക്കിവച്ചിരിക്കുകയാണ്.
നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഇവിടങ്ങളിൽ പ്രവർത്തിക്കുന്നത്. എപ്പോഴും തിരക്ക്. റോഡിൽ പൊതുവെ തിരക്ക് കൂടുതലായതിനാൽ കാൽനടക്കാർക്ക് റോഡിലേക്കിറങ്ങി നടക്കാനുള്ള സൗകര്യവുമില്ല. പൊളിഞ്ഞുകിടക്കുന്ന ഇന്റർലോക്കുകളിൽ തട്ടി പ്രായമായവർ വീഴുന്നതും പരിക്കേൽക്കുന്നതും നിത്യസംഭവമായി. ബീച്ച് റോഡിൽ ഏതെങ്കിലും ഒരുഭാഗത്തെ പ്രശ്നമല്ലിത് ചിന്നക്കട മുതൽ കൊച്ചുപിലാമൂട് പാലം വരെ ഒരേ അവസ്ഥ. നടപ്പാതകളിൽ പലേടത്തും മാലിന്യ നിക്ഷേപവും തകൃതിയാണ്. നടപ്പാതയോട് ചേർന്ന് റോഡരികിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മറ്റും ഈ നടപ്പാതകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇങ്ങനെ നിക്ഷേപിക്കുന്ന മാലിന്യങ്ങളിൽ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ളവ ഇവിടെത്തന്നെ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാണ്.
അവഗണിച്ച് അധികൃതർ
തകർന്ന നടപ്പാതകളും ഇവിടങ്ങളിലേക്ക് വളർന്ന കാടും പടർപ്പും കാരണം കാൽനടക്കാർ വഴിമാറി പോകേണ്ട ഗതികേടിലാണ്. വലിയ വാഹനങ്ങളടക്കം കടന്നുപോകുന്ന റോഡിലേക്ക് ഇറങ്ങിയാൽ ജീവൻ പണയത്തിലാക്കും. കാടുകയറിയ നടപ്പാതകൾ വൃത്തിയാക്കാനോ തകർന്ന ഭാഗങ്ങൾ നവീകരിക്കാനോ വേണ്ട നടപടികൾ കോർപ്പറേഷന്റെയോ അധികൃതരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് പരാതി.
കൊച്ചു കുട്ടികളുമായിട്ടോ പ്രായമുള്ളവരുമായിട്ടോ ഇതുവഴി വന്നാൽ പെട്ടതു തന്നെ. ഇന്റർലോക്കെല്ലാം ഇളകിമാറി കുണ്ടും കുഴിയുമായി കിടക്കുന്നത് അധികൃതർ മനപൂർവ്വം കണ്ടില്ലെന്ന് നടിക്കുകയാണ്
സബിത അനീഷ്, കാൽനടയാത്രക്കാരി