തൊടിയൂർ: മഴ പെയ്താൽ വെള്ളം കെട്ടിനിന്ന് കുളങ്ങളും കുഴികളും രൂപപ്പെട്ട് ഗതാഗതം ദുസഹമാകുന്ന തൊടിയൂർ പഞ്ചായത്തിലെ പുലിയൂർ വഞ്ചി വടക്ക് പുത്തൻപുരമുക്ക്-കാവുങ്കടമുക്ക് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് വർഷങ്ങളായിട്ടും പരിഹാരമില്ല.
യാത്രാദുരിതം രൂക്ഷം
മുരുകാലയം ജംഗ്ഷൻ - വട്ടപറമ്പ് റോഡിലെ പുത്തൻപുരമുക്കിൽ നിന്ന് കിഴക്കോട്ട് 500 മീറ്ററിൽ താഴെ മാത്രം ദൂരമുള്ള ഈ റോഡ് എ.വി.എച്ച്.എസ് ജംഗ്ഷനിലേക്കുള്ള കാവുങ്കട ജംഗ്ഷനുമായി ബന്ധിപ്പിക്കുന്നു. മഴക്കാലത്ത് ഈ ഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് ഗതാഗതം തടസപ്പെടുത്തുന്നു. റോഡിന്റെ വശങ്ങളിലുള്ള ഓടകൾ അടഞ്ഞുപോയതാണ് വെള്ളം ഒഴുകിപ്പോകാത്തതിന് കാരണം. സ്കൂൾ ബസുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ അനേകം വാഹനങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. പുത്തൻപുരമുക്കിലെ വലിയ കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
പ്രധാന വഴി
ഇ.എം.എസ്. സാംസ്കാരിക വനിതാ ലൈബ്രറി, കളരി ശ്രീഭദ്രാ ഭഗവതി ക്ഷേത്രം, പ്ലാവിളയിൽ ക്ഷേത്രം, മിൽമ ജംഗ്ഷൻ എന്നിവിടങ്ങളിലേക്കുള്ള പ്രധാന വഴി കൂടിയാണിത്. പൊതുജനങ്ങളുടെ യാത്രാദുരിതം പരിഗണിച്ച് എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.