കൊല്ലം: കാർഷിക സർവകലാശാലയിലെ ഫീസ് വർദ്ധനവ് വി.സി ബി.അശോക് ഏകാധിപത്യപരമായി എടുത്ത തീരുമാനമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവ്. കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു നടത്തുന്ന പ്രചാരണങ്ങൾ തികച്ചും തെറ്റാണ്. അശോകുമായി ചേർന്ന് കെ.എസ്‌.യു നടത്തിയത് സമരനാടകമാണ്. സർവകലാശാല വി.സി ഒറ്റയ്ക്കാണ് വിദ്യാർത്ഥികളെ പിഴിയാനുള്ള തീരുമാനമെടുത്തത്. അഞ്ചു മടങ്ങ് വർദ്ധനവാണ് ഉണ്ടായത്. ഒരു ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ല. വി.സിയും രജിസ്ട്രാരും മന്ത്രിമാരെ ഉൾപ്പടെ കബളിപ്പിച്ചാണ് മിനിറ്റ്സ് പോലും ഉണ്ടാക്കിയത്. സർക്കാർ ഒരുഘട്ടത്തിലും ഫീസ് വർദ്ധനവ് അംഗീകരിച്ചിട്ടില്ല അഡ്മിഷനെടുക്കാൻ ഇരുന്ന വിദ്യാർത്ഥിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധിക്ക് വിധേയമായി മാത്രമേ ഫീസ് വർദ്ധന സംബന്ധിച്ച് തീരുമാനം എടുക്കാൻ കഴിയൂ. ഇടക്കാല ഉത്തരവ് ഹൈക്കോടതി ഇറക്കിയിരുന്നു. ആ കോടതിവിധി വി.സിക്ക് ഏറ്റ തിരിച്ചടിയാണ്. വിസിക്ക് എതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.