കുഴിത്തുറ: കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി മഹോത്സവം നാളെ നടക്കും. ക്ഷേത്രം തന്ത്രി അരുൺകുമാർ നമ്പൂതിരിയുടെയും മേൽശാന്തി സുനിൽ മക്കാടത്തിന്റെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. വെളുപ്പിന് 4ന് പ്രഭാതഭേരി, പള്ളിയുണർത്തൽ, നിർമ്മാല്യം എന്നിവയോടെ ചടങ്ങുകൾക്ക് തുടക്കമാകും. 5.30ന് മഹാഗണപതിഹോമം, തുടർന്ന് ഉഷഃപൂജ, സോപാനസംഗീതം, തൊട്ടിലാട്ട്, പന്തീരടിപൂജ, അഖണ്ഡനാമം എന്നിവ നടക്കും. രാവിലെ 8.30ന് അന്നദാനവും 8.45ന് പാൽപൊങ്കാലയും ആരംഭിക്കും. 10 മുതൽ നവകലശപൂജ, ഏകാദശാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും 11ന് മദ്ധ്യാഹ്നപൂജയും നടക്കും. തുടർന്ന് നടയടയ്ക്കൽ, കാൽകഴുകിച്ച് ഊട്ട് എന്നിവയും നടക്കും. ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, വൈകിട്ട് 3ന് നടതുറന്ന ശേഷം ദേശപ്രദക്ഷിണം, ഉറിയടി, താലപ്പൊലി എന്നിവ നടക്കും. 7ന് ദീപാരാധനയും അർദ്ധരാത്രി 12 മണിക്ക് തിരുഅവതാരപൂജകളും ഭാഗവതപാരായണവും പുറത്തെഴുന്നള്ളത്തും നടക്കും.