sd

കൊല്ലം: കൊല്ലം -കണ്ണനല്ലൂർ റോഡിൽ അയത്തിൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് മുറുകുന്നു. അയത്തിൽ ഭാഗത്ത് നിന്ന് കണ്ണനല്ലൂരിലേക്ക് പോകുന്ന റോഡിലും കല്ലുംതാഴം, മേവറം തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന റോഡിലും യാത്രക്കാരെ വലച്ച് വാഹനങ്ങളുടെ നീണ്ട നിരയാണ്. സമീപത്ത് നിരവധി ആശുപത്രികൾ ഉള്ളതിനാൽ ഇവിടേക്ക് വരുന്ന ആംബുലൻസ് കുരുക്കിൽ പെടുന്നത് പതിവ് കാഴ്ചയാണ്.

ദേശീയപാത നിർമ്മാണമാണ് പരിഹാരമില്ലാതെ നീളുന്ന ഗതാഗതക്കുരുക്കിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. നിർമ്മാണം പൂർത്തിയായി അടിപ്പാത തുറന്നുകൊടുക്കുന്നതോടെ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അടിപ്പാത തുറന്ന് നൽകിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു. ട്രാഫിക് നിയന്ത്രിക്കാൻ അടിപ്പാതയുടെ ഇരുവശങ്ങളിലും നിർമ്മാണ കമ്പനി ആളെ നിറുത്തി​യി​ട്ടുണ്ട്. കൂടാതെ പൊലീസും ഇവിടെ ഗതാഗതം നിയന്ത്രിക്കാറുണ്ടെങ്കിലും വളരെ പാടുപെട്ടാണ് കുരുക്കഴിക്കുന്നത്. ഗതാഗത തടസം നിത്യസംഭവമായതോടെ പ്രദേശവാസികളും പുറത്തിറങ്ങിയാൽ വലയുകയാണ്.

പാർക്കിംഗ് റോഡിൽ

 റോഡിൽ അശ്രദ്ധമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം

 ഇത്തരം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ല

 സ്വകാര്യ ബസുകളുടെ ഓട്ടവും തോന്നിയപോലെ

 തുടർച്ചയായി ഹോൺ മുഴക്കി ചെറിയ വിടവിലൂടെ കുത്തിക്കയറ്റി ഗതാഗതം മുടക്കും

 സമയം പാലിക്കാൻ പറ്റാതാകുന്നതോടെ യാത്രക്കാരെ വഴിയിലിറക്കും

അത്യാവശ്യ കാര്യങ്ങൾക്ക് പോകാൻ ഇതുവഴി വന്നാൽ പെട്ടത് തന്നെ. 100 മീറ്റർ മറികടക്കാൻ മണിക്കൂറുകൾ നഷ്ടപ്പെടുത്തണം. ഇതിനിടയിൽ സ്വകാര്യ ബസുകളും ഇരുചക്ര വാഹനങ്ങളും മറ്റ് യാത്രക്കാർക്ക് ശല്യമാകുന്നുണ്ട്.

ബേബി ഡാനിയേൽ, കാ‌ർ യാത്രക്കാരൻ