പുനലൂർ: കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ പട്ടണത്തിൽ നഗരസഭ ഓഫീസിന് സമീപത്തെ ബഹുനില കെട്ടിടത്തിനു മുമ്പിൽ നിൽക്കുന്ന ആൽമരം അപകട ഭീഷണിയാകുന്നു. ആൽമരത്തിന്റെ വേരുകൾ ഇറങ്ങി കൽക്കെട്ട് തകർച്ചയിലാണ്. സമീപത്തെ കടകൾക്കു മുകളിലേക്കോ റോഡിലേക്കോ മരത്തിന്റെ ശിഖരങ്ങൾ വീഴുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ബസ് വെയിറ്റിംഗ് ഷെഡിൽ എത്തുന്ന യാത്രികരും ഭീതിയിലാണ്. മരംമുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തമാണ്.
നടപടിയെടുക്കാതെ അധികൃതർ
കഴിഞ്ഞ മാസങ്ങളിൽ പി.എസ്. സുപാൽ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നു. അതിൻ്റെ ഭാഗമായി മറ്റ് ചില സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ചുമാറ്റുകയും ശിഖരങ്ങൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് മുന്നിലും തൊളിക്കോട് ജംഗ്ഷനിലുമുള്ള ആൽമരത്തിന്റെയും ചുടുകട്ട ജംഗ്ഷനിലുള്ള മഴമരത്തിന്റെയും കൊമ്പുകൾ നീക്കം ചെയ്തിരുന്നു. എന്നാൽ, ഈ അപകടകരമായ ആൽമരത്തിന്റെ ശിഖരങ്ങൾ മുറിക്കാൻ അധികൃതർ തയ്യാറായില്ല.
മരം പൂർണമായും മുറിച്ചുമാറ്റുകയോ അല്ലെങ്കിൽ ശിഖരങ്ങൾ അടിയന്തരമായി നീക്കം ചെയ്യുകയോ ചെയ്യണം. കൂടാതെ, മരത്തിന്റെ അടിഭാഗത്തെ ഇളകിയ കൽക്കെട്ടുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തണം.
നാട്ടുകാർ