കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ മറവിൽ സി.പി.എം നേതാക്കൾ കൊള്ള നടത്തി സ്വന്തം ഖജനാവ് നിറയ്ക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. ഞെട്ടിക്കുന്ന തട്ടിപ്പുകളാണ് സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ കണ്ടെത്തിയിട്ടുള്ളത്. താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന ചട്ടം മറികടന്ന് സി.പി.എം പ്രവർത്തകരെ വൻ ശമ്പളത്തിൽ നിയമിക്കുകയാണ്. യോഗ്യയില്ലാത്തവർക്ക് പുറമേ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരും പതിനായിരങ്ങൾ ശമ്പളം പറ്റുന്നു. ഫലത്തിൽ സി.പി.എമ്മുകാരുടെ കീശവീർപ്പിക്കുന്ന കേന്ദ്രമായി ഓപ്പൺ യൂണിവേഴ്സിറ്റി മാറുകയാണ്.
പല കരാറുകൾക്ക് പിന്നിലും ബിനാമി ഇടപാടുകളുണ്ട്. കടലാസ് കമ്പനികളെ ഉപയോഗിച്ച് സി.പി.എം നേതാക്കൾ കരാറുകൾ ഏറ്റെടുത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ലക്ഷങ്ങൾ തട്ടുകയാണ്. ഓപ്പൺ യൂണിവേഴ്സിറ്റി പഠനസാമഗ്രികളിൽ ഉൾപ്പെട്ട വീഡിയോകൾ എഡിറ്റ് ചെയ്യാൻ മിനിറ്റിന് 250 രൂപ വീതം നൽകിയത് വൻ വെട്ടിപ്പാണ്. ഈ തട്ടിപ്പിന്റെ പങ്ക് യൂണിവേഴ്സിറ്റിയെ നയിക്കുന്ന സി.പി.എം നേതാക്കൾക്ക് കമ്മിഷനായി ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും വിഷ്ണു സുനിൽ പറഞ്ഞു.