kovil-
തമിഴ്നാട് കോവിൽപ്പെട്ടി മഹാദേവ ക്ഷേത്രത്തിൽ നടന്ന രാമായണം താരാട്ടുപൂജയുടെ ഭാഗമായി നടന്ന ചടങ്ങിൽ സ്വാമി നിത്യാനന്ദഭാരതിയെ പൂർണ കുംഭം നൽകി ക്ഷേത്ര പ്രതിനിധികൾ സ്വീകരിക്കുന്നു

കൊല്ലം : നൂറുവർഷം മുമ്പ് കൊല്ലത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ പ്രചരിച്ചിരുന്ന രാമായണം താരാട്ടുപാട്ട് ഭാരതീപുരം മറവൻചിറ ഭുവനേശ്വരീ ക്ഷേത്രത്തിലെ മാതൃ സമിതി അടുത്തിടെ പുനരുജ്ജീവിപ്പിച്ചതിനൊപ്പം അയൽദേശങ്ങളും ഏറ്റെടുക്കുകയാണ്. തമിഴ്നാട്ടിലെ കോവിൽപ്പെട്ടിയിലുള്ള കേരള മഹാദേവ ക്ഷേത്രത്തിൽ രാമായണം താരാട്ടുപാട്ട് അരങ്ങേറി. ഭാരതീപുരം ക്ഷേത്രത്തിലെ മാതൃ സമിതിയാണ് താരാട്ടുപാട്ട് അവതരിപ്പിച്ചത്. പാട്ടിന്റെ വീണ്ടെടുപ്പിനെക്കുറിച്ച് മാദ്ധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് കോവിൽപ്പെട്ടിയിലെ ക്ഷേത്രപ്രതിനിധികൾ ഭാരതീപുരത്ത് എത്തുകയും പാട്ട് ആലപിക്കുന്നതിനായി മാതൃസമിതിയെ തമിഴ് നാട്ടിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തത്.

കോവിൽപ്പെട്ടി ക്ഷേത്രത്തിൽ

കോവിൽപ്പെട്ടി മഹാദേവ ക്ഷേത്രത്തിൽ ഇന്നലെ നടന്ന ഭക്തിനിർഭരമായ ആലാപനപൂജയിൽ തമിഴ് ഭക്തരും പങ്കെടുത്തു. ഭാരതീപുരം അവധൂതാശ്രമം കാര്യദർശി സ്വാമി നിത്യാനന്ദ ഭാരതിയെ പൂർണ കുംഭം നൽകി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. കേരള മഹാദേവ ക്ഷേത്രം ട്രസ്റ്റി സുരേഷ് കോവൽപ്പെട്ടി, ഭാരതീപുരം ക്ഷേത്രം പ്രസിഡന്റ് പി.വി.ശിവരാജൻ , മഹാലക്ഷ്മി മാതൃ സമിതി പ്രസിഡന്റ് എൻ.ശ്യാമള എന്നിവർ പൂജയ്ക്ക് നേതൃത്വം നൽകി. സ്വാമി നിത്യാനന്ദഭാരതി അനുഗ്രഹ സന്ദേശം നൽകി.

ഹൃദയത്തിലേറ്റി താരാട്ട്

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും സാഭാഗ്യത്തിനും വേണ്ടി കളരികളിലും കാവുകളിലും പാടിയിരുന്ന രാമായണം താരാട്ടുപാട്ട് കഴിഞ്ഞ മാസം ഭാരതീപുരം ഭുവനേശ്വരി ക്ഷേത്രത്തിൽ നടന്ന സദാനന്ദ രാമപ്രസാദം എന്ന രാമായണ മാസാചരണത്തിലാണ് മാതൃസമിതി അംഗങ്ങൾ അനുഷ്ഠാന ചടങ്ങുകളോടെ അവിഷ്കരിച്ചത്. അതിനെത്തുടർന്ന് ഭക്തജനങ്ങൾ പാട്ട് ഹൃദയത്തിൽ സ്വീകരിച്ചതോടെ പല നാടുകളിൽ നിന്ന് രാമഭക്തരും തീർത്ഥാടകരും ഭാരതീപുരത്ത് എത്തുന്നുണ്ട്.