കൊല്ലം: കല്ലടയാറ്റിലെ ജലോത്സവത്തിനായി കല്ലട ചുണ്ടൻ 21ന് രാവിലെ 10.30ന് നീരണിയും. കല്ലടയുടെ പേരിൽ ഒരു കളിവള്ളമെന്ന ഏറെനാളത്തെ സ്വപ്നമാണ് പൂവണിയുന്നത്. റാന്നി കീക്കൊഴൂർ കരക്കാരിൽ നിന്ന് വിലയ്ക്ക് വാങ്ങി അണിയവും അമരവും പൊക്കം കുറച്ച് ചുണ്ടൻ വള്ളമാക്കി മാറ്റുകയായിരുന്നു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കല്ലട ജലോത്സവത്തിന്റെ ഫിനിഷിംഗ് പോയിന്റിലാണ് ചടങ്ങ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ അദ്ധ്യക്ഷനാകും. രാജേഷ് ശർമ്മ, റോജിൻ തോമസ് എന്നിവർ പങ്കെടുക്കും. തുടർന്ന് വള്ള സദ്യയും കലാ പരിപാടികളും നടക്കും. പത്രസമ്മേളനത്തിൽ കല്ലട ചുണ്ടൻ വള്ളസമിതി പ്രസിഡന്റ് സന്തോഷ് അടൂരാൻ, സെക്രട്ടറി സനു സോളമൻ, ജോസ് വടക്കേറ്റം, സജു റോമൻകണ്ടത്തിൽ എന്നിവർ പങ്കെടുത്തു.