കൊല്ലം: ശക്തിയുള്ളവരാകാൻ ഈഴവ സമുദായം സംഘടിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 629-ാം നമ്പർ വെൺപാലക്കര ശാഖയുടെ പുതുതായി പണികഴിപ്പിച്ച ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെട്ട അവശലക്ഷങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് എസ്.എൻ.ഡി.പി യോഗം. ശക്തിയുള്ളവനേ എല്ലാം ഉള്ളു. ശക്തിഹീനർ സർവഹീനരാണ്. ശക്തിയുള്ളവരാകാൻ നാം സംഘടിക്കണം. തിരുവിതാംകൂറിന്റെ മുഖച്ഛായ മാറ്റാൻ ശ്രീനാരായണ പ്രസ്ഥാനം നന്നായി പ്രയത്നിച്ചിട്ടുണ്ട്. വൈക്കം സത്യഗ്രഹം നടത്താനുള്ള പ്രേരകശക്തി ഗുരുദേവനാണെന്ന സത്യം പലരും മനപൂർവം വിസ്മരിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനും വളർച്ചയ്ക്കും സമുദായം ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ കുലത്തൊഴിലുകൾ പലതും അന്യം നിന്നുപോയി. ഇത്തരം പാരമ്പര്യതൊഴിലുകളെ വളർത്താനോ അതിന് വേണ്ടുന്ന അനുയോജ്യമായ പാക്കേജുകൾ പ്രഖ്യാപിക്കാനോ ആരും തയ്യാറാകുന്നില്ല. സാമൂഹിക നീതിയാണ് സാമുദായിക നീതി, രാഷ്ട്രീയ നീതിയും, സാമ്പത്തിക നീതിയും വിദ്യാഭ്യാസ നീതിയും ഈഴവ സമുദായത്തിന് ലഭിക്കണം. ആർ.ശങ്കറിന് ശേഷം ഈഴവന് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടായിട്ടില്ല. അധികാരത്തിൽ പങ്കാളിത്തം ഉണ്ടാവണമെങ്കിൽ ഈഴവ സമുദായം വോട്ടുകുത്തികളായി മാറിയിരിക്കുന്ന സ്ഥിതി മാറണം. ചിഹ്നം നോക്കി വോട്ട് കൊടുക്കുന്നതിന് പകരം പേര് നോക്കി വോട്ടുകോടുക്കാൻ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാഖ പ്രസിഡന്റ് അജിത്ത് മുത്തോടം അദ്ധ്യക്ഷനായി. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, യൂണിയൻ സെക്രട്ടറി രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സജീവ് മുള്ളിത്തോടം സ്വാഗതം പറഞ്ഞു. യൂണിയൻ മേഖല കൺവീനർ സി.പ്രതാപൻ, യൂണിയൻ വനിതാ സംഘം എക്സിക്യുട്ടീവ് അംഗം മേഴ്സി ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്.ശെൽവി, വാർഡംഗം എസ്.ചിത്ര എന്നിവർ അറിയിച്ചു. ശാഖാ വൈസ് പ്രസിഡന്റ് അയ്യപ്പൻ തോട്ടത്തിൽ നന്ദി പറഞ്ഞു. യൂണിയൻ പ്രതിനിധി വരുൺ സാകേതം, ശാഖാ പ്രസിഡന്റ് അജിത്ത് മുത്തോടം, ശാഖാ വൈസ് പ്രസിഡന്റ് അയ്യപ്പൻ തോട്ടത്ത്, ശാഖാ സെക്രട്ടറി സജീവ് മുള്ളിത്തോടം, കമ്മിറ്റി അംഗങ്ങളായ സുനിൽ ദത്ത് മയൂരം, ജയകുമാർ ശ്രീകുമാര വിലാസം, ജയരാജൻ വാഴപ്പള്ളി, ഉണ്ണിക്കൃഷ്ണൻ കൂമ്പലിൽ, ബിനു കുഴിയ്ക്കൽ, എ.ആർ.സത്യൻ കൊച്ചുവീട്, ഹരിലാൽ കന്നുമേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഗസ്റ്റ് 25ന് ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ആസ്ഥാനമന്ദിരത്തോട് ചേർന്നുള്ള ഗുരുമന്ദിരത്തിൽ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠ നടത്തിയിരുന്നു.