കൊല്ലം: എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ചട്ടമ്പി സ്വാമിയുടെ 172ാമത് ജയന്തി ആഘോഷം സംഘടിപ്പിച്ചു. ആശ്രാമം മൈതാനത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര നഗരപ്രദക്ഷിണം നടത്തി ആനന്ദവല്ലീശ്വരത്തെ വിദ്യാധിരാജ ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് ചട്ടമ്പിസ്വാമി പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടന്നു. വൈകിട്ട് 4.45 ഓടെ തുടങ്ങിയ ഘോഷയാത്രയിൽ ചട്ടമ്പിസ്വാമികളുടെയും മന്നത്ത് പത്മനാഭന്റെയും ഫ്‌ളോട്ടുകളായിരുന്നു മുന്നിൽ. തൊട്ടുപിന്നിൽ കൊല്ലം താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ജി.ജീവകുമാർ പതാകയേന്തി. ചെയർമാൻ ആദിക്കാട് ഗിരീഷ് ഘോഷയാത്ര നയിച്ചു. 144 കരയോഗങ്ങളിൽ നിന്നും വനിതാസമാജങ്ങളിൽ നിന്നുമുള്ള അരലക്ഷത്തിലേറെ കരയോഗാംഗങ്ങൾ ഘോഷയാത്രയിൽ അണിചേർന്നു.
യൂണിയൻ ഭരണസമിതി അംഗങ്ങളായ കല്ലട വിജയൻ, സി.കെ.ചന്ദ്രബാബു, ടി.സി.മോഹനൻ, പ്രൊഫ.തുളസീധരൻ പിള്ള, തച്ചേഴത്ത് വേണുഗോപാൽ, മണക്കാട് സുരേഷ്, ഓമനക്കുട്ടൻ പിള്ള, സുരേഷ് കുമാർ, വേണു.ജെ.പിള്ള, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ആർ.അരുൺ രാജ്, വനിത യൂണിയൻ പ്രസിഡന്റ് ശ്രീകുമാരി നാരായണൻ നായർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.