കൊല്ലം: പെരുമൺ ക്ഷേത്രത്തിന് സമീപം വീടിന് തീപിടിച്ചു, ആളപായമില്ല. കഴിഞ്ഞ 12 ന് രാത്രി 12 ഓടെയാണ് സംഭവം. ചന്ദ്രമംഗലത്ത് വീട്ടിൽ ഗോപകുമാറിന്റെ വീടിന്റെ മുകളിലത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. എ.സിയുടെ ഭാഗത്ത് നിന്ന് തീപ്പൊരി കിടക്കയിലേക്ക് വീഴുകയും തീപടരുകയുമായിരുന്നു. ഉടൻ ഓടിമാറിയതിനാൽ വീട്ടുകാർ രക്ഷപ്പെട്ടു. മുറിയിലെ അലമാര ഉൾപ്പടെ കത്തിനശിച്ചു. തീ കത്തുന്നത് കണ്ട സമീപവാസികളാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ആദ്യം ചാമക്കടയിൽ നിന്ന് ഒരു യൂണിറ്റും തുടർന്ന് കുണ്ടറയിൽ നിന്ന് ഒരു യൂണിറ്റും എത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. എ.സിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടായതാകാമെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.