പുനലൂർ : ഗുരുതരമായ വൃക്കരോഗം ബാധിച്ച പുനലൂർ ഹൈസ്കൂൾ വാർഡ് ടി.ബി. ജംഗ്ഷനിൽ ഇന്ദിരാ ഭവനിൽ ആർ. രതീഷിന് ചികിത്സാ സഹായം നൽകുന്നതിനായി നാട്ടുകാർ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 11ന് പുനലൂർ ബോയ്സ് സ്കൂൾ മൈതാനത്താണ് ചലഞ്ച് നടക്കുന്നത്.
35കാരനായ രതീഷ് രണ്ടുവർഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയിലാണ്. രണ്ട് വൃക്കകളും തകരാറിലായതിനാൽ ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രതീഷിന്, വൃക്ക മാറ്റിവെക്കാൻ ഏകദേശം 50 ലക്ഷം രൂപ ആവശ്യമാണ്. വൃക്ക മാറ്റിവെക്കാൻ കഴിഞ്ഞാൽ രതീഷിനും ഭാര്യയും മൂന്നും ഒന്നും വയസുള്ള രണ്ട് പെൺകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിനും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താം.ഡ്രൈവിംഗ് ജോലി ചെയ്ത് കുടുംബം പോറ്റിവന്നിരുന്ന രതീഷിന് ചികിത്സയ്ക്കുള്ള തുക കണ്ടെത്താൻ പ്രയാസമാണ്. പുനലൂർ ഹൈസ്കൂൾ ജംഗ്ഷൻ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന കല്ലട ബോയ്സ് കലാകായിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്താൻ തീരുമാനിച്ചത്.
കുറഞ്ഞത് 3,000 പേരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി ക്ലബ് ഭാരവാഹികളും രതീഷിന്റെ സഹോദരൻ ആർ. രാജേഷും പറഞ്ഞു. ചികിത്സാസഹായം സ്വരൂപിക്കാൻ യൂണിയൻ ബാങ്കിന്റെ പുനലൂർ ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 578502010001487
ഐ.എഫ്.എസ് .സി UBIN0557854
ഗൂഗിൾ പേ: 8547620506.