പരവൂർ: അതിരാവിലെ നാഗർകോവിലിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്ന ഏറനാട് എക്സ്‌പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പരവൂർ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചാത്തന്നൂർ നിയോജക മണ്ഡലത്തിലെയും പരിസര പ്രദേശങ്ങളിലെയും ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന പരവൂർ റെയിൽവേ സ്റ്റേഷനെ റെയിൽവേ നിരന്തരം അവഗണിക്കുകയാണ്. റിസർവേഷന് പ്രത്യേക കൗണ്ടർ പ്രവർത്തിപ്പിക്കുക, കമ്പ്യൂട്ടറൈസ്ഡ് അനൗൺസ്മെന്റ് സിസ്റ്റം ആരംഭിക്കുക, പ്ലാറ്റ്ഫോം മേൽക്കൂരയുടെ നീളം വർദ്ധിപ്പിക്കുക, പാർക്കിംഗ് പരിസരം വൃത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. യൂണിറ്റ് പ്രസിഡന്റ് എസ്.സജു അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പരവൂർ സജീബ്, ജെ.ഗോപകുമാർ, വിനീത് സാഗർ, എം.പി.ഗോപകുമാർ, ജയേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.