കൊല്ലം: കിണറ്റിൽ വീണയാളും രക്ഷകനായെത്തിയ യുവാവും വീണ്ടും കിണറ്റിൽ പതിച്ച് ഇരുവർക്കും ദാരുണാന്ത്യം. കല്ലുവാതുക്കൽ മണ്ണയം തൊടിയിൽ വീട്ടിൽ വിഷ്ണു (23), മയ്യനാട് ധവളക്കുഴി കണ്ണാപുല്ലുവിള വീട്ടിൽ ഹരിലാൽ (24)എന്നിവരാണ് മരിച്ചത്.
കല്ലുവാതുക്കൽ മണ്ണയത്ത് ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. വിഷ്ണു വീട്ടുമുറ്റത്തെ കിണറ്റിൽ നിന്ന് വെള്ളം കോരുകയായിരുന്നു. ഇതിനിടയിൽ കപ്പി കൊരുത്തിരുന്ന തടി ഒടിഞ്ഞ് വിഷ്ണു കിണറ്റിലേക്ക് പതിക്കുകയായിരുന്നു. വീടിനടുത്തുള്ള ഫുഡ് പ്രോഡക്ട് സ്ഥാപനത്തിലാണ് വിഷ്ണുവിന്റെ സഹോദരി ജോലി ചെയ്യുന്നത്. വിവരമറിഞ്ഞ് ഓടിയെത്തിയ വിഷ്ണുവിന്റെ സഹോദരിക്കൊപ്പം അവിടെ തന്നെ ജോലി ചെയ്യുന്ന ഹരിലാലും എത്തിയിരുന്നു. ഹരിലാൽ കയറുമായി കിണറ്റിലേക്ക് ഇറങ്ങി. കുന്നിൻ പ്രദേശമായതിനാൽ കിണറ്റിന് 50 തൊടിയിലേറെ ആഴമുണ്ട്.
കിണറിന്റെ അടിത്തട്ടിലെത്തിയ ഹരിലാൽ സാരമായി പരിക്കേറ്റിരുന്ന വിഷ്ണുവിന്റെ അരയിൽ കയർ കെട്ടിയ ശേഷം മുകളിലേക്ക് തൊടിയിൽ ചവിട്ടി കയറുകയായിരുന്നു. മുപ്പത് തൊടി പിന്നിട്ടതോടെ വിഷ്ണുവിന്റെ അരയിൽ കെട്ടിയിരുന്ന കയറഴിഞ്ഞ് ഇരുവരും കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
പിന്നീട് ഫയർഫോഴ്സെത്തിയാണ് വിഷ്ണുവിനെയും ഹരിലാലിനെയും പുറത്തെടുത്തത്. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വേണുവിന്റെയും സുനിതയുടെയും മകനാണ് വിഷ്ണു. രേണുകയാണ് സഹോദരി. സോമൻപിള്ളയുടെയും ഷൈലകുമാരിയുടെയും മകനാണ് ഹരിലാൽ. മണികണ്ഠൻ സഹോദരനാണ്.