
കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളുന്നു. ഇതോടെ കൊട്ടാരക്കര ഭാഗത്ത് നിന്ന് കുണ്ടറ വഴി കൊല്ലത്തേക്ക് പോകാൻ പുതിയ റൂട്ട് കണ്ടുപിടിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. കുണ്ടറ ആശുപത്രിമുക്ക് മുതൽ ഇളമ്പള്ളൂർ വരെയുള്ള ഒരു കിലോമീറ്റർ കടക്കണമെങ്കിൽ ഡ്രൈവിംഗ് മാത്രം അറിഞ്ഞാൽ പോരാ ക്ഷമയും വേണം.
പലപ്പോഴും വാഹനങ്ങളുടെ നീണ്ടനിര ആശുപത്രിമുക്കും കഴിഞ്ഞ് നീളും. ഇളമ്പള്ളൂരിൽ നിന്ന് അഞ്ചാലുംമൂട് ഭാഗത്തേക്ക് പൊകാൻ റെയിൽവേ ക്രോസിൽ വാഹനങ്ങൾ കാത്തുകിടക്കുന്നതാണ് അഴിയാക്കുരുക്കിന് കാരണം. ഇളമ്പള്ളൂർ റെയിൽവേ ഗേറ്റ് ഒഴിവാക്കി മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
എന്നാൽ നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിൽ പൊലീസ് കാര്യമായ ഇടപെടൽ നടത്താത്തത് പ്രതിസന്ധി വർദ്ധിപ്പിച്ചിട്ടുണ്ട്. നാല് റോഡുകൾ ചേരുന്ന ഈ ഭാഗത്ത് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടില്ല. പകരം ഹോംഗാർഡുകളാണ് ഗതാഗതം നിയന്ത്രിക്കുന്നത്. പലപ്പോഴും ഗതാഗതകുരുക്ക് അഴിക്കാൻ ഹോംഗാർഡുകൾക്ക് കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
അത്യാവശ്യ ആവശ്യങ്ങൾക്ക് പോകുന്നവർ ഇതുവഴി പോയാൽ കുരുക്കിലകപ്പെടും. ഇവിടം ഒന്ന് കടന്നുകിട്ടാൻ മണിക്കൂറുകളെടുക്കും.
സി.ബാലൻ, ബൈക്ക് യാത്രക്കാരൻ