കൊല്ലം: നഗരഹൃദയം വീണ്ടും മാലിന്യം നിറഞ്ഞ് നാറുന്നു. ചിന്നക്കട റൗണ്ടിന് സമീപം ഉപേക്ഷിച്ച പഴയ റെയിൽപ്പാതയുടെ കുഴിയിലാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. ചാക്കുകളിലും പ്ലാസ്റ്റിക്ക് കിറ്റുകളിലും മാലിന്യം ഉപേക്ഷിക്കുന്നത് പതിവായിട്ടും അധികൃതർ ഗൗനിക്കുന്നില്ല.

കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അസഹ്യമായ ദുർഗന്ധം മൂലം മൂക്കുപൊത്തിയാണ് നടപ്പാതയിലൂടെ ആളുകൾ നടക്കുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. പാഴ്ച്ചെടികളടക്കം വളർന്ന് കാടുമൂടി കിടക്കുന്ന ഇവിടെ പ്ലാസ്റ്റിക് കവറുകളും, ഡയറപ്പറുകളും ഉൾപ്പെടെ കെട്ടിക്കിടക്കുന്നത്. കുറച്ച് നാൾ മുമ്പ് ഇവിടെ കെട്ടിക്കിടന്ന മാലിന്യത്തിന് മുകളിൽ മണ്ണിട്ട് മൂടിയിരുന്നു. എന്നാൽ വീണ്ടും പഴയ രീതിയിലേക്ക് മാറുകയാണ്.

പഴയ കുഞ്ഞമ്മ പാലത്തിന് (ഇന്നത്തെ ചിന്നക്കടപ്പാലം) അടിവശത്തുകൂടി തിരുവിതാംകൂറിൽ പെട്രോൾ വിതരണം ചെയ്തിരുന്ന ബർ‌മ ഷെൽ എന്ന ബ്രിട്ടീഷ് കമ്പനിയുടെ ഹെഡ് ഓഫീസ് പ്രവർത്തിച്ചിരുന്ന പുള്ളിക്കടവരെ നീളുന്നതായിരുന്നു ഈ റെയിൽവേ ലൈൻ.


ഇരുളും വെളിച്ചവും പ്രശ്നമല്ല
റെയിൽവേ അധീനതയിലുള്ള ഇവിടെ രാപ്പകൽ വ്യത്യാസമില്ലാതെയാണ് മാലിന്യം ഉപേക്ഷിക്കുന്നത്. രാത്രിയിൽ പ്രദേശത്ത് വെളിച്ചമുണ്ടെങ്കിലും അധികൃതർ നടപടി സ്വീകരിക്കാത്തതാണ് മാലിന്യം തള്ളാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മഴയത്ത് കെട്ടിക്കിടക്കുന്ന മാലിന്യം അഴുകി സ്ഥിതി കൂടുതൽ വഷളാക്കും. മാലിന്യപ്രശ്നത്തിന് അടി​യന്തര നടപടി​ ഉണ്ടാകണമെന്നാണ് നടയാത്രക്കാരുടെ ആവശ്യം.