പുനലൂർ: കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കാന്റീൻ ബസ് നിലവിലെ സ്ഥലത്തുനിന്ന് മാറ്റാനുള്ള തീരുമാനം നടപ്പിലാക്കുന്നില്ല. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി ബസ് ഇപ്പോഴും പഴയ സ്ഥലത്ത് തന്നെയാണ് കിടക്കുന്നത്. യാത്രക്കാർക്ക് നിൽക്കേണ്ട സ്ഥലത്താണ് ഈ കാന്റീൻ പ്രവർത്തിച്ചിരുന്നത്. ഡിപ്പോയിൽ തുടർച്ചയായി അപകടങ്ങളുണ്ടായതിനെ തുടർന്ന് വിവിധ രാഷ്ട്രീയ, യുവജന സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ലൈസൻസ് പുതുക്കാത്തതിനാൽ ജൂലായ് ആദ്യവാരം കാന്റീന്റെ പ്രവർത്തനം നിറുത്തിവെച്ചിരുന്നു.
പ്രതിഷേധങ്ങൾ നിറുത്തി, ഉറപ്പുകൾ പാഴായി
വർദ്ധിച്ചുവരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ, നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് സുരക്ഷാ നടപടികൾക്ക് രൂപം നൽകിയിരുന്നു. ഇതിൽ പ്രധാനപ്പെട്ട ഒരു തീരുമാനം, ബസ് പുറത്തിറങ്ങുന്ന വഴിക്ക് തടസമായി കിടക്കുന്ന കാന്റീൻ, അവിടുന്ന് മാറ്റി ഡിപ്പോയിലേക്ക് ബസ് കയറുന്നതിന്റെ ഇടത്തെ വശത്തേക്ക് മാറ്റി സ്ഥാപിക്കും എന്നതായിരുന്നു. തീരുമാനമെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും കാന്റീൻ ബസ് മാറ്റിയിട്ടില്ല. പ്രതിപക്ഷ, ഭരണപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങൾ ബസ് ഉടൻ മാറ്റുമെന്ന ഉറപ്പിന്മേൽ നിറുത്തിവെച്ചിരുന്നു. എന്നാൽ, രണ്ട് മാസം പിന്നിട്ടിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല. വരുമാനം കുറയും എന്നതിനാലാണ് കാന്റീൻ മാറ്റി സ്ഥാപിക്കാത്തതെന്ന് പറയുന്നു. കെ.എസ്.ആർ.ടി.സി എംപ്ളോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കാന്റീൻ പ്രവർത്തിച്ചിരുന്നത്.
കാന്റീൻ ബസ് എത്രയും വേഗം മാറ്റണം
സ്ഥലപരിമിതികളുള്ള ഈ ഡിപ്പോയിൽ തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പോകുന്ന നിരവധി ബസുകളാണ് വന്നുപോകുന്നത്. ഡിപ്പോയിൽ രണ്ട് അപകടങ്ങൾ നടന്നതിലും ഒരാൾ മരണപ്പെട്ടതിലും യാത്രക്കാർക്കിടയിൽ വലിയ ആശങ്കയുണ്ട്. അപകടങ്ങൾ കുറയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ലെന്ന് ആക്ഷേപമുണ്ട്. അപകടകരമായ രീതിയിൽ കിടക്കുന്ന കാന്റീൻ ബസ് എത്രയും വേഗം മാറ്റണമെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.