കൊല്ലം: കൊല്ലം ശ്രീനാരായണ ദർശനപഠന കേന്ദ്രത്തിന്റെയും വേദാന്ത വിശ്വവിദ്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ശ്രീകൃഷ്ണ ദർശന ദിവ്യോത്സവം സംഘടിപ്പിച്ചു. ശാരദാമഠത്തിൽ സംഘടിപ്പിച്ച ശ്രീകൃഷ്ണജയന്തി സമ്മേളനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ ഉദ്ഘാടനം ചെയ്തു. പഠിതാക്കളു‌ടെയും മറ്റും സാന്നിദ്ധ്യമാണ് ശരദാമഠത്തിന്റെ വളർച്ചയ്ക്ക് പിന്നിലുള്ളത്. കൂടുതൽപ്പേരെത്തി ശാരദാമഠം ഉദ്ധരിക്കപ്പെടണമെന്നാണ് ആഗ്രഹമെന്നും അതിനായി എന്ത് സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ദർശനപഠനകേന്ദ്രം പ്രസിഡന്റ് സുധർമ്മ ശിവാനന്ദൻ അദ്ധ്യക്ഷയായി. ഡി.ശാർങ്ധരൻ, എസ്.അജിതകുമാരി എന്നിവർ ശ്രീനാരായണ ദിവ്യപ്രഭാപ്രോജ്ജ്വലനം നടത്തി. യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി ചെയർമാൻ അനൂപ്.എം.ശങ്കർ എന്നിവർ സംസാരിച്ചു. ദർശനപഠനകേന്ദ്രം സെക്രട്ടറി ഷീല നളിനാക്ഷൻ സ്വാഗതവും ജനറൽ കൺവീനർ ആർ.രാജു നന്ദിയും പറഞ്ഞു.

ആചാര്യൻ വിശ്വപ്രകാശം എസ്.വിജയാനന്ദ് പങ്കെടുത്തു. ഇന്നലെ വൈകിട്ട് പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നാരംഭിച്ച ശ്രീകൃഷ്ണജയന്തി ഘോഷയാത്രയിൽ ഉണ്ണിക്കണ്ണന്മാരും രാധികമാരും ഉൾപ്പടെ നിരവധി പേർ പങ്കെടുത്തു. ദർശനപഠനകേന്ദ്രം പ്രസിഡന്റ് സുധർമ്മ ശിവാനന്ദൻ, വൈസ് പ്രസിഡന്റ് സന്തോഷ് നീരാവിൽ, സെക്രട്ടറി ഷീല നളിനാക്ഷൻ, വിശ്വവിദ്യാലയം ഡയറക്ടർ സന്തോഷ് കുമാർ ശ്രീനന്ദനം, കൺവീനർ എം.പി.ഉദയമ്മ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.