ചവറ : അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി ചവറയിലെ വിവിധ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. തേവലക്കര തെക്കൻ ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ചവറ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങി മറ്റ് ക്ഷേത്രങ്ങളിലും രാവിലെ മുതൽ തന്നെ ഉറിയടി നേർച്ചയ്ക്കായി ഭക്തരെത്തി. ജന്മാഷ്ടമി പ്രമാണിച്ച് ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടന്നു. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഉറിയടി നേർച്ചയിൽ പങ്കെടുത്തു. രാവിലെ തുടങ്ങിയ ഉറിയടി രാത്രി വരെ തുടർന്നു. രാത്രി 12 മണിക്ക് ഭാഗവതത്തിലെ ദശമസ്‌കന്ധത്തിലെ ശ്രീകൃഷ്ണാവതാരം പാരായണം ചെയ്ത് സമർപ്പിച്ച ശേഷം വിശേഷാൽ പൂജകളും നടന്നു. രാത്രിയിലും നിരവധി ഭക്തരാണ് അവതാര പൂജകളിൽ പങ്കെടുത്തത്. മധുരപലഹാര വിതരണവും നടത്തി. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശോഭായാത്രകൾ നടന്നു. നിരവധി കുട്ടികൾ രാധയുടെയും കൃഷ്ണന്റെയും ഗോപികമാരുടെയും വേഷമണിഞ്ഞ് ഘോഷയാത്രയിൽ പങ്കെടുത്തു.