ശാസ്താംകോട്ട :മൈനാഗപ്പള്ളി പഞ്ചായത്തിലെ 1-ാം വാർഡിന്റെയും 22-ാംവാർഡിന്റെയും അതിർത്തി പങ്കിടുന്ന കുട്ടിത്തറ കലുങ്കിനു സമീപം വ്യാപകമായി കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശവാസികൾക്ക് വലിയ ഭീഷണിയായി. ഓരോ ദിവസവും ലോഡ് കണക്കിന് മാലിന്യം ഇവിടെ തള്ളുന്നു. ഇത് സമീപത്തുള്ള തോടുകളിലേക്കും കൃഷി ചെയ്യുന്ന പാടങ്ങളിലേക്കും ഒഴുകിയെത്തുകയും സമീപത്തെ കിണറുകളിലെ വെള്ളം മലിനമാക്കുകയും ചെയ്യുന്നു.
മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പടരാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. ഈ ഗുരുതരമായ സാഹചര്യത്തിലും പഞ്ചായത്തോ ആരോഗ്യവകുപ്പോ,പൊലീസ് സംവിധാനങ്ങളോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അധികാരികളുടെ ഈ അനാസ്ഥയ്‌ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.